pk-firoz

കോഴിക്കോട്: മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമന വിവാദം സംബന്ധിച്ച് വിജിലൻസിൽ നൽകിയ പരാതിയിൽ മൂന്ന് മാസം കഴിഞ്ഞിട്ടും നടപടിയിയെടുത്തില്ലെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. അന്വേഷണം ആരംഭിക്കാത്തതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഫിറോസ് വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഭീഷണിപ്പെടുത്തിയാണ് മന്ത്രി പദവിയിൽ ജലീൽ ഇരിക്കുന്നത്. ഇതിന്റെ തെളിവുകൾ വരുംദിവസങ്ങളിൽ പുറത്ത് വിടുമെന്നും യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അന്വേഷണം നടത്തി മന്ത്രിക്ക് അനുകൂലമായ റിപ്പോർട്ട് സമർപ്പിച്ചാലും കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന ഭയത്താലാണ് അന്വേഷണം പ്രഖ്യാപിക്കാത്തതെന്നും ഫിറോസ്​ ആരോപിച്ചു. മന്ത്രി കെ.ടി. ജലീലിൽ ബന്ധുവായ കെ.ടി. അദീബിനെ ചട്ടങ്ങൾ മറികടന്ന് സ്വന്തം വകുപ്പിലെ പൊതുമേഖല സ്ഥാപനത്തിൽ ജനറൽ മാനേജറായി നിയമിച്ചതിനെതിരെയായിരുന്നു പരാതിയി നൽകിയത്.