2019-election

കോട്ടയം: ലോക്‌‌സഭാ തിരഞ്ഞെടുപ്പിൽ ഘടകകക്ഷികളിൽ ചിലർ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതോടെ യു.ഡി.എഫിൽ സീറ്റ് വിഭജനം കീറാമുട്ടിയാവുമോ? സീറ്റ് വിഭജന ചർച്ചകൾക്ക് തുടക്കമിട്ട് കഴിഞ്ഞ ദിവസം ചേർന്ന യു.ഡി.എഫ് യോഗത്തിൽ ചില ഘടകകക്ഷികൾ കൂടുതൽ സീറ്റിനായി അവകാശ വാദം ഉന്നയിച്ചുകഴിഞ്ഞു. കഴിഞ്ഞ തവണ ഒരു സീറ്റിൽ മത്സരിച്ച മാണി ഗ്രൂപ്പ് രണ്ട് സീറ്റാണ് ഇക്കുറി ആവശ്യപ്പെട്ടിരിക്കുന്നത്. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ഒരു സീറ്റും ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് സീറ്റിനായി നേരത്തെ അവകാശവാദം ഉന്നയിച്ച മുസ്ലീംലീഗ് പക്ഷേ, യോഗത്തിൽ മൗനം പാലിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 15 സിറ്റിലും ലീഗ് രണ്ട് സീറ്റിലും ആർ.എസ്.പി, എം.പി. വീരേന്ദ്രകുമാറിന്റെ പഴയ ജനതാദൾ വിഭാഗം എന്നിവ ഓരോ സീറ്റിലുമാണ് മത്സരിച്ചത്. വീരേന്ദ്രകുമാർ വിഭാഗം യു.ഡി.എഫ് വിട്ടതോടെ അവർ മത്സരിച്ച പാലക്കാട് സീറ്റ് ഒഴിവ് വന്നു. ഈ സീറ്റിന്റെ കാര്യത്തിൽ കോൺഗ്രസ് എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അത് കോൺഗ്രസ് ഏറ്റെടുക്കുമോ, ഏതെങ്കിലും ഘടകകക്ഷിക്ക് നൽകുമോ എന്നാണ് അറിയേണ്ടത്.

ജേക്കബ് വിഭാഗം ഒരു സീറ്റ് ചോദിച്ചെങ്കിലും പാലക്കാട് വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ഇടുക്കിയാണ് അവർ ആവശ്യപ്പെട്ടത്. എന്നാൽ, ഇടുക്കി സീറ്റ് കോൺഗ്രസ് വിട്ടുകൊടുക്കാനിടയില്ല. കോട്ടയത്ത് ഉമ്മൻചാണ്ടി മത്സരിച്ചാൽ ഇടുക്കി സീറ്റ് മാണി ഗ്രൂപ്പിന് നൽകുമെന്നാണ് പറയപ്പെടുന്നത്. രണ്ടാമത് ഒരു സീറ്റ് കൂടി ചോദിച്ച മാണി ഗ്രൂപ്പ് അത് ഏതാണെന്ന് വ്യക്തമാക്കിയിട്ടുമില്ല. മാണി ഗ്രൂപ്പിന് ഒരു സീറ്റ് കൂടി അനുവദിച്ചാൽ നിലവിൽ രണ്ട് സീറ്റുള്ള ലീഗ് ഇടയുമോ എന്ന സംശയവും നേതാക്കൾക്കുണ്ട്.

അതേസമയം, അടുത്ത റൗണ്ട് ചർച്ചയിൽ സീറ്റ് വിഭജന കാര്യത്തിൽ ഏതാണ്ട് തീരുമാനമാകുമെന്നാണ് നേതാക്കൾ പറയുന്നത്. സീറ്റ് വിഭജന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വരുംമുമ്പേ, കൊല്ലം മണ്ഡലത്തിൽ ആർ.എസ്.പി എൻ.കെ. പ്രേമചന്ദ്രനെ വീണ്ടും സ്ഥാനാർത്ഥിയായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

കഴിഞ്ഞ തവണത്തെ അതേ രീതിയിൽതന്നെ സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെങ്കിലും ഒഴിവുള്ള ഒരു സീറ്റിന്റെ കാര്യത്തിൽ ഒരുപക്ഷേ, തർക്കമുണ്ടായേക്കാം. അത് രമ്യമായി പരിഹരിക്കുക എന്നതാകും കോൺഗ്രസിന്റെ മുന്നിലെ വെല്ലുവിളി.

നിർണായക തിരഞ്ഞെടുപ്പ് ആയതിനാൽ സീറ്റിന്റെ കാര്യത്തിൽ മുന്നണിയിൽ അസ്വാരസ്യങ്ങൾ ഉണ്ടായാൽ അത് തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്ക നേതാക്കൾക്ക് ഇല്ലാതില്ല. അതൊഴിവാക്കാനുള്ള പരമാവധി ശ്രമമാകും കോൺഗ്രസ് സ്വീകരിക്കുക. അതിനായി ഘടകകക്ഷികളോട് ഉദാര സമീപനം സ്വീകരിക്കാനും ഇടയുണ്ടെന്ന് ചില നേതാക്കൾ സൂചിപ്പിക്കുന്നു. എന്നാൽ, കോൺഗ്രസ് പരമാവധി സീറ്റുകളിൽ മത്സരിച്ച് വിജയിക്കുക എന്ന വാദവും പാർട്ടിയിൽ ഉയരുന്നുണ്ട്.

ഇതെല്ലാം കണ്ടുകൊണ്ടുള്ള ഫോർമുലയാകും സീറ്റ് വിഭജന കാര്യത്തിൽ കോൺഗ്രസ് സ്വീകരിക്കുക. ഫെബ്രുവരി പകുതിയോടെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. അതിനായി താഴെത്തട്ടിൽ സ്ഥാനാർത്ഥി ചർച്ചകൾക്ക് തുടക്കമിടുകയും ചെയ്തു. അതിനാൽ, സീറ്റ് വിഭജനം തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂർവരെ നീണ്ടുക്കൊണ്ടുപോകാതെ തീരുമാനം എത്രയും വേഗത്തിൽ എടുക്കാനുള്ള നീക്കമാണ് നേതാക്കൾ നടത്തുന്നത്.