മലയാളസിനിമയിൽ അതുവരെയുണ്ടായിരുന്ന എല്ലാ റെക്കാഡുകഉും തകർത്തുകൊണ്ടാണ് 2013ൽ ദൃശ്യം പുറത്തിറങ്ങിയത്. മലയാളത്തിലെ ആദ്യത്തെ അമ്പത് കോടി ചിത്രമെന്ന ഖ്യാതിയടക്കം നിരവധി പുരസ്‌കാരങ്ങൾ ഈ മോഹൻലാൽ ചിത്രത്തെ തേടിയെത്തി.ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ചിത്രം പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ റീമേയ്‌ക്ക് ചെയ്യപ്പെട്ടു. മോഹൻലാലിന്റെ സ്ഥാനത്ത് നായകനായി തെന്നിന്ത്യയിലെയും ബോളിവുഡിലെയും സൂപ്പർതാരങ്ങൾ തന്നെയെത്തി.
പാപനാശം എന്ന പേരിൽ തമിഴിൽ പുറത്തിറങ്ങിയ ചിത്രത്തിൽ കമലഹാസനായിരുന്നു നായകൻ. എന്നാൽ കമലിന് മുമ്പുതന്നെ നായകനാകാൻ ജീത്തു സമീപിച്ചത് സൂപ്പർതാരം രജനീകാന്തിനെയാണത്രെ. ദൃശ്യത്തിലെ ജോർജുകുട്ടിയാവാനുള്ള ആഗ്രഹം അറിയിച്ചു കൊണ്ടായിരുന്നു ജീത്തുവിനൊപ്പം സ്‌പെഷൽ ഷോയിൽ രജനി ദൃശ്യം കാണാനിരുന്നത്.പക്ഷെ,ജോർജുകുട്ടി ഷാജോണിൽ നിന്ന് അടിവാങ്ങുന്ന രംഗം വന്നപ്പോൾ രജനികാന്തിന്റെ മുഖത്ത് ഭാവവ്യത്യാസങ്ങൾ രൂപ പെട്ടു. രജനി അസ്വസ്ഥനായി.
ഒരു സാധാരണക്കാരനായി അഭിനയിക്കാൻ താൽപര്യം ഏറെയുണ്ടെങ്കിലും ആ രംഗങ്ങൾ കാണുമ്പോൾ തന്റെ ആരാധകർ ഏറെ വേദനിക്കും. അവർ നിരാശപ്പെടും .ഒരു കാരണവശാലും അവർ വേദനിക്കുന്നത് തനിക്ക് സഹിക്കില്ല എന്നായിരുന്നു രജനിയുടെ പ്രതികരണം. ജോർജുകുട്ടിയെ അടിയ്‌ക്കുന്ന രംഗങ്ങളിൽ മാറ്റം വരുത്താമെന്ന് ജീത്തു പറഞ്ഞു നോക്കിയെങ്കിലും തന്റെ ഇമേജിനായി മികച്ച ഒരു തിരക്കഥ അഴിച്ചു പണിയുന്നതിന് താരം തയ്യാറായിരുന്നില്ല.