കൊൽക്കത്ത: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി സർക്കാരിനെ താഴെയിറക്കണമെന്ന ലക്ഷ്യത്തോടെ തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി കൊൽക്കത്തയിൽ സംഘടിപ്പിച്ച പ്രതിപക്ഷ റാലിയുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് അംഗം മുകുൾ റോയ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് പരിപാടിക്ക് വേണ്ടി എത്ര രൂപയാണ് ചെലവിട്ടതെന്ന കാര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്. തൃണമൂൽ കോൺഗ്രസിന്റെ വാർഷിക വരുമാനം 5.16 കോടിയാണെന്ന് അവർ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ വാർഷിക വരവിനേക്കൾ 160 മടങ്ങാണ് പരിപാടിക്കായി തൃണമൂൽ കോൺഗ്രസ് ചെലവിട്ടതെന്നും മുകുൾ റോയി ആരോപിച്ചു. കൊൽക്കത്തയിലെ റാലിയുടെ ഫ്ലക്‌സുകളും ബാനറുകളും സ്ഥാപിക്കാനായി മാത്രം തൃണമൂൽ കോൺഗ്രസ് 17.70 കോടി ചെലവിട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനാധിപത്യം സംരക്ഷിക്കണമെന്നാണ് റാലിയിൽ മമത മുദ്രാവാക്യം വിളിച്ചത്. എന്നാൽ ഓരോ ദിവസവും ബംഗാളിലെ ജനാധിപത്യം നശിച്ച് കൊണ്ടിരിക്കുകയാണ്. അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ തുടർന്ന് തൃണമൂൽ കോൺഗ്രസ് നടത്തിയ ആക്രമണത്തിൽ നൂറോളം പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 52 പേരും ബി.ജെ.പി പ്രവർത്തകരാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടുന്ന ബുക്ക് ലെറ്റ് അഖിലേഷ് യാദവ്, സതീഷ് മിശ്ര, മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നൽകാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇവരുടെ അടുത്തേക്ക് പോകാൻ പോലും സുരക്ഷാ ഉദ്യോഗസ്ഥർ അനുവദിച്ചില്ലെന്നും മുകുൾ റോയ് വ്യക്തമാക്കി.