തൊലിപ്പുറത്തെ പഴുപ്പ് നിറഞ്ഞ കുരുക്കൾ പലതരമുണ്ട്.ചെറിയ കുഞ്ഞുങ്ങളിൽ കാണുന്ന കരപ്പൻ എന്ന് പറയുന്ന പഴുപ്പ് നിറഞ്ഞ കുമിളകൾ അവയിലൊന്നാണ്. സ്‌ട്രെപ്രാകോക്കസ് സ്റ്റഫൈലോ കോക്കസ് എന്ന അണുക്കളാണിവ ഉണ്ടാക്കുന്നത്. രോമകൂപങ്ങളിൽ ഉണ്ടാകുന്ന പഴുപ്പുള്ള കുരുക്കളാണ് മറ്റൊന്ന്. ചില കുരുക്കൾ ഒന്നായി ചേർന്ന് വലിയ മുഴകൾ ഉണ്ടാകും. അതിന് കാർബിങ്കിൾ എന്ന് പറയും. ചുവന്ന് തടിച്ച് കാലിലും കൈയിലും ഉണ്ടാകുന്ന മുഴകൾക്ക് സെല്ലുലൈറ്റിസ് എന്നാണ് പേര്. ചൂടും ഈർപ്പവും അധികരിച്ച കാലാവസ്ഥയിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. പനി, വേദന, ചൊറിച്ചിൽ, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളോടു കൂടിയാണ് ഇവ പ്രത്യക്ഷപ്പെടുന്നത്.
ചികിത്സ
പുറമേ ആന്റിബയോട്ടിക് അടങ്ങിയ ഓയിന്റ്‌മെന്റുകൾ പുരട്ടുകയും ഉള്ളിൽ ആന്റിബയോട്ടിക്കുകൾ കഴിക്കുകയും വേണം. ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകി ബീറ്റാഡിൻ കൊണ്ട് വൃത്തിയാക്കുകയും വേണം. അല്ലെങ്കിൽ അണുനാശക ശക്തിയുള്ള ക്‌ളോർ ഫെക്സിഡിൻ അടങ്ങിയ സോപ്പ് ഉപയോഗിക്കണം.
ഫംഗൽ ബാധ രണ്ടുതരമുണ്ട്.
1. കാൻഡിഡാ വിഭാഗത്തിൽപ്പെടുന്നത്
2. ഡെർമാറ്റോ ഫൈറ്റ് വിഭാഗത്തിൽപ്പെടുന്നത്.
കാൻഡിഡാ ബാധ
ഈ പൂപ്പൽ ബാധ പ്രധാനമായും വായ്, ത്വക്, അന്നനാളം, യോനീഭാഗം, നഖം എന്നിവിടങ്ങളിലാണ് കാണുന്നത്.
ഇതുണ്ടാകാനുള്ള കാരണങ്ങൾ പലതാണ്.
1. ഈർപ്പം നിറഞ്ഞ കാലാവസ്ഥ
2. തൊലിപ്പുറമെയുള്ള വിണ്ടുകീറലുകൾ
3. ദീർഘനാളായി ആന്റിബയോട്ടിക്കുകൾ, സ്റ്റീറോയ്ഡ് ഗുളികകൾ എന്നിവയുടെ ഉപയോഗം
4. ഗർഭാവസ്ഥ
5. പ്രമേഹം
6. പ്രതിരോധ ശക്തി കുറയ്ക്കുന്ന രോഗങ്ങൾ ചെറിയ കുഞ്ഞുങ്ങളിൽ പോലും ഈ ഇൻഫെക്ഷൻ വരാം.
ചുവപ്പു നിറമുള്ളതും വേദനയോടുകൂടിയ വ്രണങ്ങളും വിണ്ടുകീറലുകളുമാണ് ലക്ഷണങ്ങൾ. നഖങ്ങളിലാണെങ്കിൽ വീർപ്പും വേദനയും, നഖം കട്ടികൂടുകയും പൊടിയുകയും ചെയ്യും.വായിലാണെങ്കിൽ കോണുകളിൽ കീറുകയും നാക്കിൽ ചുവപ്പും വേദനയും.
മരുന്നുകഴിക്കുന്നതിനൊപ്പം നനവ് ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. പാത്രം കഴുകുന്നതിനും തുണി കഴുകുന്നതിനും ഗ്ലൗവ്സ് ഉപയോഗിക്കണം. തുണി കൊണ്ടുള്ള ഇറുക്കമില്ലാത്ത അടിവസ്ത്രങ്ങൾ ഉപയോഗിക്കണം. വിയർക്കുന്ന ഭാഗങ്ങളിൽ ആന്റിഫംഗൽ പൗഡറുകൾ പൂശുന്നത് നന്നായിരിക്കും.
ഡോ. ശ്രീരേഖാപണിക്കർ
ഡെർമറ്റോളജി ഡിപ്പാർട്ട്‌മെന്റ്
എസ്.യു.ടി, പട്ടം