ടോക്കിയോ: ജപ്പാനിലെ ടോക്കിയോയിൽ ലക്ഷ്മീദേവിയുടെ പേരിലുള്ള ഒരു നഗരം കണ്ടെത്തിയാൽ, ഞെട്ടേണ്ട. ടോക്കിയോയിലെ ഒരു ചെറുപട്ടണത്തിന് ലക്ഷ്മിദേവിയെന്ന് അർത്ഥംവരുന്ന കിചിയോജി എന്ന പേരാണ് ജപ്പാൻകാർ നൽകിയിരിക്കുന്നത്. ലക്ഷ്മിദേവിയ്ക്കും മഹാവിഷ്ണുവിനും പ്രതിഷ്ഠയുള്ള അമ്പലവും ഇവിടെയുണ്ട്. ജാപ്പനീസ് സംസ്കാരത്തിൽ ഇന്ത്യയ്ക്കുള്ള പ്രധാന്യം വെളിവാക്കുന്നതാണ് ഈ പട്ടണവും അമ്പലങ്ങളുമെന്നാണ് പറയപ്പെടുന്നത്.
സംസ്കൃതത്തിന്റെയും തമിഴിന്റെയും സ്വാധീനമുള്ള അഞ്ഞൂറിലധികം വാക്കുകൾ ജാപ്പനീസ് ഭാഷയിലുണ്ടെന്നാണ് കണക്ക്. അരിയും വിനാഗിരിയും ചേർത്ത് ഉണ്ടാക്കുന്ന ജാപ്പനീസ് സുഷിയിൽ വരെ ഇന്ത്യൻ രുചിക്കൂട്ടുകൾ ഒളിഞ്ഞിരിപ്പുണ്ടെന്നതാണ് മറ്റൊരു കൗതുകം.
ജപ്പാനിൽ പലയിടത്തും ഹിന്ദുമതത്തോട് ആഭിമുഖ്യം പുലർത്തുന്നവർ കൂടുതലാണ്.
മാത്രമല്ല, ആരാധനാ രീതികളിലും ഇന്ത്യയുടെ സ്വാധീനമുണ്ട്. ഉദയസൂര്യന്റെ നാടായ ജപ്പാനും ഇന്ത്യയും തമ്മിൽ ഭൂമിശാസ്ത്രപരമായ ധാരാളം വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും മുഗൾ ഭരണകാലത്തും അതിന് മുമ്പും വ്യാപാര-സാംസ്കാരിക ബന്ധങ്ങൾ നിലനിറുത്തിപ്പോന്നിരുന്നതിന് രേഖകളുണ്ട്. ഇത്തരം സാംസ്കാരിക വിനിമയങ്ങളുടെ ഭാഗമായാണ് ഹൈന്ദവ ആചാരങ്ങൾ ജപ്പാനിൽ പ്രചരിച്ചതെന്നാണ് കരുതപ്പെടുന്നത്.