ന്യൂഡൽഹി: മമതാ ബാനർജി വിളിച്ച് ചേർത്ത പ്രതിപക്ഷ റാലിയിൽ പങ്കെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പൂട്ടാനുള്ള തന്ത്രം മെനയാൻ നാല് പാർട്ടികളുടെ പ്രമുഖ നേതാക്കൾ അടങ്ങുന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. മേയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഒരുമിച്ച് നിൽക്കുമെന്ന് പ്രഖ്യാപിച്ച 23 പാർട്ടികളെ പ്രതിനിധീകരിച്ച് കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ബഹുജൻ സമാജ്‌വാദി പാർട്ടി, ആം ആദ്മി പാർട്ടികളിൽ നിന്നുള്ള നേതാക്കന്മാരാണ് കമ്മിറ്റിയിൽ അംഗങ്ങൾ. മേയിൽ നടക്കുമെന്ന് കരുതുന്ന തിരഞ്ഞെടുപ്പിൽ ഏത് രീതിയിലുള്ള പ്രചാരണ തന്ത്രങ്ങളാണ് സ്വീകരിക്കേണ്ടതെന്ന തീരുമാനിക്കലാണ് കമ്മിറ്റിയുടെ ചുമതല.
സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി, ബി.എസ്.പി നേതാവ് സതീഷ് മിശ്ര, ആം ആദ്മി നേതാവ് അരവിന്ദ് കേജ്‌രിവാൾ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. അതേസമയം, പരസ്പരം ശത്രുതയിലായിരുന്ന നാല് പാർട്ടികളാണ് ഒരുമിച്ചതെന്ന പ്രത്യേകതയും ഇതിനുണ്ട്. ഡൽഹിയിൽ കോൺഗ്രസിനെ തോൽപ്പിച്ചാണ് അരവിന്ദ് കേജ്‌രിവാൾ അധികാരത്തിൽ വന്നത്. അതിന് ശേഷം ഇരുപാർട്ടികളും തമ്മിൽ ശത്രുതയിലാണ്. പരസ്പരം ഒരു വിധത്തിലുള്ള സഖ്യത്തിനും തയ്യാറല്ലെന്ന് ഇരുപാർട്ടികളും പ്രഖ്യാപിച്ചിട്ടുമുണ്ട്. മറ്റുള്ളവരാകട്ടെ പ്രതിപക്ഷ മഹാസഖ്യത്തിൽ കോൺഗ്രസിനെ ഒപ്പം കൂട്ടാനാവില്ലെന്ന് പ്രഖ്യാപിച്ചവരും. വിരുദ്ധ ചേരികളിൽ നിൽക്കുന്നവർ ഒരു പ്ലാറ്റ്ഫോമിൽ ഒരുമിക്കുന്നത് വിചിത്രമാണെന്ന് നേതാക്കന്മാർ തന്നെ സമ്മതിക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ ഇത് ഗുണമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ കൃത്രിമത്വം നടന്നുവെന്ന് ആരോപിക്കപ്പെട്ട ഇലകട്രോണിക് വോട്ടിംഗ് യന്ത്രം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിക്കരുതെന്ന് അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി ക്യാമ്പയിൻ നടത്താനും സഖ്യം പദ്ധതിയിടുന്നുണ്ട്. വോട്ടിംഗ് യന്ത്രങ്ങൾക്ക് പകരം ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി റാലികളും സഖ്യം സംഘടിപ്പിക്കുന്നുണ്ട്.അതേസമയം, കഴിഞ്ഞ ദിവസം മമതാ ബാനർജി സംഘടിപ്പിച്ച പ്രതിപക്ഷ ഐക്യ റാലി പുതിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിട്ടുണ്ട്. റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. എന്നാൽ കോൺഗ്രസിനെ ഉൾപ്പെടുത്താതെ മൂന്നാം മുന്നണി രൂപീകരിക്കണമെന്ന് ആദ്യം മുതൽ പ്രഖ്യാപിച്ച തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു, വൈ.എസ്.ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡി, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചടങ്ങിനെത്താത്തതും ശ്രദ്ധേയമായി. മമതയുടെ റാലിയ്‌ക്കെതിരെ സി.പി.എം ശബ്‌ദമുയർത്തുകയും ചെയ്‌തിരുന്നു.