renewable-

renewable

ന്യൂഡൽഹി: പാരമ്പര്യേതര ഊർജോത്‌പാദനം (റിന്യൂവബിൾ എനർജി) കൂട്ടാൻ കേന്ദ്ര നയങ്ങളിൽ മാറ്രം വരുത്തണമെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റിന്റെ (സി.എസ്.ഇ) ആഭിമുഖ്യത്തിൽ ന്യൂഡൽഹിയിൽ നടക്കുന്ന ദ്വിദിന റിന്യൂവബിൾ എനർജി കോൺഫറൻസ് ആവശ്യപ്പെട്ടു.

2022ഓടെ 100 ജിഗാ വാട്ട് സൗരോർജവും കാറ്രാടിയിൽ നിന്ന് (വിൻഡ് മിൽ) 60 ജിഗാ വാട്ട് ഊർജവും ഉത്‌പാദിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ, സോളാർ പാനലുകൾക്ക് ഏർപ്പെടുത്തിയ 18 ശതമാനം നികുതി തിരിച്ചടിയാകും. സോളാർ പാനലുകളിൽ 90 ശതമാനവും ഇറക്കുമതി ചെയ്യുന്നത് ചൈനയിൽ നിന്നാണ്. ഇവയ്ക്ക് 25 ശതമാനം അധിക നികുതി ഏർപ്പെടുത്തിയതും തിരിച്ചടിയാണ്.

സാമ്പത്തിക ഞെരുക്കമാണ് പാരമ്പര്യേതര ഊർജോത്‌പാദന മേഖല നേരിടുന്ന മറ്റൊരു പ്രതിസന്ധി. ബാങ്കുകളിലെ കിട്ടാക്കടത്തിൽ മുന്തിയപങ്കും ഊർജോത്പാദന മേഖലയിൽ നിന്നായതിനാൽ വായ്‌പാ ലഭ്യതയില്ല. നികുതി കുറയ്‌ക്കുന്നതിലൂടെ ഈ മേഖലയിലേക്ക് വിദേശ നിക്ഷേപമുൾപ്പെടെ ആകർഷിക്കാൻ സർക്കാരിന് കഴിയും.

സമ്മേളനത്തിന്റെ ആദ്യദിനം നടന്ന വിവിധ സെഷനുകളിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകയും സി.എസ്.ഇ ഡയറക്‌ടർ ജനറലുമായ സുനിത നരൈൻ, സി.എസ്.ഇ അഡ്വൈസർ പ്രിയവ്രത് ഭാട്ടി, ഇന്റർനാഷണൽ സോളാർ അലയൻസ് ഡയറക്‌ടർ ജനറൽ ഉപേന്ദ്ര ത്രിപാഠി, ടാറ്റാ പവർ സോളാർ സി.ഒ.ഒ അരുൾ ഷൺമുഖസുന്ദരം, ഇക്ര സീനിയർ വൈസ് പ്രസിഡന്റ് സബ്യസാചി മജുംദാർ തുടങ്ങിയ പ്രമുഖർ സംസാരിച്ചു.

മറ്റ് നിർദ്ദേശങ്ങൾ

 പാരമ്പര്യേത ഊർജം കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കണം

 വിദേശ കമ്പനികളുമായി സംയുക്ത സംരംഭം തുടങ്ങണം

 ഗവേഷണ- വികസന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം

 ഊർജ വിതരണം സ്വകാര്യ സംരംഭകരെയും ഏല്പിക്കണം

 അങ്ങനെയായാൽ കൂടുതൽ പേരിലേക്ക് എത്തിക്കാനാകും

100 ജിഗാവാട്ട്

2022ഓടെ സൗരോർജോത്പാദനം 100 ജിഗാവാട്ടിലേക്കും കാറ്രാടിയിൽ നിന്നുള്ള ഊർജോത്പാദനം 60 ജിഗാവാട്ടിലേക്കും ഉയർത്തുകയാണ് ലക്ഷ്യം. നിലവിൽ സൗരോർജത്തിൽ നിന്നുള്ള ഉത്‌പാദനം 20 ജിഗാവാട്ടും കാറ്റാടിയിൽ നിന്നുള്ളത് 23 ജിഗാവാട്ടുമാണ്.

₹6 ലക്ഷം കോടി

പാരമ്പര്യേതര ഊർജോത്‌പാദനത്തിൽ ലക്ഷ്യം കാണാൻ 2022ഓടെ ആറു ലക്ഷം കോടി രൂപയുടെ നിക്ഷേപം വേണ്ടിവരുമെന്നാണ് സി.എസ്.ഇയുടെ വിലയിരുത്തൽ. ഇതിനായി വിദേശ നിക്ഷേപം ആകർഷിക്കുകയും ബാങ്ക് വായ്‌പ ലഭ്യമാക്കുകയും വേണം