ബീജിംഗ് : വയസ് വെറും ആറ്. പക്ഷേ, ആള് അറിയപ്പെടുന്നൊരു ബാർബറാണ്. തന്റെ മുന്നിലെത്തുന്നത് ആണോ പെണ്ണോ ആയിക്കോട്ടെ. ആവശ്യപ്പെടുന്ന സ്റ്റൈലിൽ നിമിഷങ്ങൾക്കുള്ളിൽ മുടിവെട്ടിത്തരും. അധികം പ്രചാരത്തിലില്ലാത്ത സ്റ്റൈലാണെങ്കിൽ പടം കാണിച്ചുകൊടുത്താലും മതി. തെക്കുപടിഞ്ഞാറൻ ചൈനയിലെ ജിയാങ് ഹോംഗ്ഖിയാണ് ഇൗ കിടിലം ബാർബർ. വളരെ ശ്രദ്ധിച്ച് ആസ്വദിച്ച് മുടി മുറിക്കുന്ന കക്ഷിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്.
വയസ് ആറാണെങ്കിലും മുടിവെട്ടിനെ തികച്ചും പ്രൊഫഷണലായാണ് സമീപിക്കുന്നത്. അത്യാധുനിക ഉപകരണങ്ങൾ എല്ലാം ഉപയോഗിക്കാനറിയാം. അതിവേഗത്തിലാണ് മുടി മുറിക്കുന്നത്. പ്രശസ്തമായ എല്ലാ ഹെയർ സ്റ്റൈലും പരീക്ഷിക്കുകയും ചെയ്യും. ഇൗ സ്റ്റൈലുകളിൽ തന്റേതുമാത്രമായ എന്തെങ്കിലും കൊണ്ടുവരാനും ശ്രമിക്കും.ജിയാങിന് പൊക്കം കുറവായതിനാൽ കസ്റ്റമേഴ്സ് നിലത്തിരിക്കണമെന്നുമാത്രം.
ഹെയർസ്റ്റൈലിസ്റ്റുകളായ മാതാപിതാക്കളാണ് ജിയാങിലെ മുടിവെട്ടുകാരനെ വളർത്തിയെടുത്തത്. ആറുവർഷമായി സ്വന്തമായി ഇവർ സ്ഥാപനം നടത്തുകയാണ്. ജനിച്ചതുമുതൽ ജിയാങ് ഇവിടെത്തന്നെയായിരുന്നു. അങ്ങനെയാണ് അതിവേഗം തൊഴിൽ പഠിച്ചത്.
കുഞ്ഞുബാർബറുടെ മുന്നിൽ ഇരിക്കാൻ തുടക്കത്തിൽ പലർക്കും പേടിയായിരുന്നു. പക്ഷേ, പ്രൊഫഷണൽ സമീപനവും കൈവേഗവും കണ്ടതോടെ അവർ ജിയാങിന്റെ ആരാധകരായി. ഇപ്പോൾ ജിയാങില്ലെങ്കിൽ അവർ മുടിവെട്ടിക്കില്ല എന്ന അവസ്ഥയിലാണ്.വീഡിയോ പുറത്തുവന്നതോടെ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ജിയാങിന് അഭിനന്ദന പ്രവാഹമാണ്.