tea-

കൊല്ലം: മഞ്ഞും മലനിരകളും തേയിലത്തോട്ടങ്ങളുമുള്ള മൂന്നാറിന്റെ മറ്റൊരു പതിപ്പാണ് കൊല്ലം ജില്ലയിലെ തെന്മലയ്ക്കടുത്തുള്ള അമ്പനാട്. ഇവിടത്തെ കാഴ്ചകൾ കാണാൻ ഇപ്പോൾ സഞ്ചാരികളുടെ തിരക്കാണ്. മഞ്ഞണിഞ്ഞ തേയിലത്തോട്ടങ്ങൾ, കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മലമേടുകൾ, മഞ്ഞുപുതച്ച വഴികൾ, കോടമഞ്ഞിന്റെ സുഖകരമായ തണുപ്പ്...അങ്ങനെ നീളുന്നു അമ്പനാടിന്റെ വിശേഷങ്ങൾ.


കരിമ്പാറക്കൂട്ടങ്ങൾക്കിടയിലൂടെ വെള്ളിയാഭരണം പോലെ ഒഴുകിയിറങ്ങുന്ന നീർച്ചാലുകളും വെള്ളച്ചാട്ടവും അവിസ്മരണീയമായ കാഴ്ചകളാണ്. മൂന്നാറിലെ പോലെ കണ്ണെത്താ ദൂരത്തോളം തേയിലത്തോട്ടങ്ങളും ഓറഞ്ച് മരങ്ങളുമൊക്കെ ഇവിടെയും ഉണ്ടെന്ന് അധികമാർക്കും അറിയില്ല. ഇപ്പോൾ ഓറഞ്ച് സീസൺ കഴിഞ്ഞു. ഏത് സീസണിലും മഞ്ഞുപൊഴിയുന്ന മരങ്ങളും മലനിരകളും വെള്ളച്ചാട്ടവും കുഞ്ഞരുവികളും കുളങ്ങളും പിന്നെ ബ്രിട്ടീഷുകാർ നിർമ്മിച്ച ബംഗ്ലാവുകളും ഒക്കെയായി സഞ്ചാരികൾക്ക് വിസ്മയക്കാഴ്ചകൾ ഒരുക്കുകയാണ് അമ്പനാട്.

tea-

തെന്മലയ്ക്കടുത്ത് പശ്ചിമഘട്ട മലനിരകൾക്ക് മുകളിലായി സ്ഥിതിചെയ്യുന്ന അമ്പനാടിന് 'കൊല്ലത്തിന്റെ മൂന്നാറെ'ന്ന് വിളിപ്പേരുവന്നതിൽ അതിശയോക്തിയില്ല. പുനലൂരിനും ചെങ്കോട്ടയ്ക്കും ഇടയിൽ കഴുതുരുട്ടിയിൽ നിന്ന് 12 കിലോ മീറ്റർ അകലെയാണ് അമ്പനാട് മലനിരകളുടെ സ്ഥാനം. ട്രാവൻകൂർ റബർ ആൻഡ് ടീ എസ്റ്റേറ്റിന്റെ ഭാഗമാണിവിടം. ബ്രിട്ടീഷ് ഭരണകാലത്തുതന്നെ ഇവിടെ വ്യാപകമായി തേയില കൃഷി ഉണ്ടായിരുന്നു.

അടുത്തകാലംവരെ ജില്ലയിലെ ഇതര പ്രദേശവാസികൾക്ക് പോലും ഇവിടം പരിചിതമല്ലായിരുന്നു. കേട്ടറിഞ്ഞ് ഇപ്പോൾ ഏറെപ്പേർ കാഴ്ചകൾ കാണാൻ എത്തുന്നുണ്ട്. അവധിദിനങ്ങളിൽ സഞ്ചാരികളുടെ എണ്ണം കൂടും.

tea-

തേയിലത്തോട്ടങ്ങളിൽ ആയിരത്തിൽപ്പരം തൊഴിലാളികൾ പണിയെടുക്കുന്നു. തേയില ഫാക്ടറിയും ഇവിടെയുണ്ട്. ഗ്രാമ്പൂവും കുരുമുളകുമാണ് ഇടവിള കൃഷികൾ. ഇടയ്ക്ക് സപ്പോട്ടയുമുണ്ട്. തെന്മല ഇക്കോ ടൂറിസവും പാലരുവി വെള്ളച്ചാട്ടവുമൊക്കെ കാണാനെത്തുന്നവർ ഇനി അമ്പനാടിന്റെ മഞ്ഞണിഞ്ഞ തേയിലത്തോട്ടങ്ങളിലും എത്തുമെന്നാണ് പ്രതീക്ഷ. ഒരു പകൽ മുഴുവൻ കണ്ടാസ്വദിക്കാനുള്ള വിഭവങ്ങൾ ഇവിടെയുണ്ട്. രാത്രികാലങ്ങളിൽ കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യമുണ്ട്.