വാഷിംഗ്ടൺ:എളുപ്പത്തിൽ ഷർട്ടും പാന്റുമൊക്കെ തേച്ച് മടക്കിനൽകുന്ന മെഷീനെക്കുറിച്ചറിയാൻ പലരും നെറ്റിൽ പരതലോട് പരതലാണ്. സോഷ്യൽ മീഡിയയിൽ മെഷീന്റെ വീഡിയോ കണ്ടതോടെയാണ് പരതൽ തുടങ്ങിയത്. മെഷീൻ എവിടെക്കിട്ടും, എത്രയാണ് വില എന്നൊക്കെയാണ് കൂടുതൽപേർക്കും അറിയേണ്ടത്. ലാസ് വേഗാസിൽ അടുത്തിടെ നടന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിലാണ് 'ഫോൾഡിമേറ്റ് "എന്നുപേരുള്ള ഇൗ മെഷീൻ പ്രദർശനത്തിനുവച്ചത്.
വസ്ത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ ചുളിവില്ലാതെ വൃത്തിയായി മടക്കിനൽകും എന്നതാണ് ഇതിന്റെ പ്രത്യേകത. ഒരുഷർട്ട് മടക്കിയെടുക്കാൻ അഞ്ചുമിനിട്ടിൽ താഴെമാത്രം മതിയാവും. ഫോൾഡിമേറ്റിന് ഫ്രിഡ്ജിനോട് രൂപസാദൃശ്യമുണ്ട്.മുകളിലും താഴെയും രണ്ട് ഒാപ്പണിംഗുകളുണ്ട്. മടക്കിനൽകേണ്ട വസ്ത്രങ്ങൾ മെഷീന്റെ മുകൾ ഭാഗത്താണ് വയ്ക്കേണ്ടത്. വസ്ത്രം മെഷീൻ ഉള്ളിലേക്ക് വലിച്ചെടുക്കും. നിമിഷങ്ങൾക്കുള്ളിൽ മടക്കി താഴത്തെ ഭാഗത്ത് എത്തും.
നിശ്ചിത എണ്ണമാകുമ്പോൾ ഇൗ ഭാഗം തുറക്കുകയും വസ്ത്രങ്ങൾ എടുത്തുമാറ്റുകയും ചെയ്യാം. ഇസ്തിരിയിടുന്നതുപോലെ ചൂടുകൊടുത്താണ് വസ്ത്രങ്ങളുടെ ചുളുക്ക് മാറ്റുന്നത്. അതിനുള്ള പ്രത്യേക സംവിധാനങ്ങൾ ഇതിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ജീൻസ്, ടീ ഷർട്ട്, അടിവസ്ത്രങ്ങൾ, കിടക്കവിരികൾ തുടങ്ങി ഏതുതരം വസ്ത്രവും ഇൗ മെഷീനിൽ ഉപയോഗിക്കാം. അറുപതിനായിരം രൂപയാണ് മെഷീന്റെ വില എന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് എന്നുമുതൽ വിപണിയിലെത്തുമെന്ന് വ്യക്തമല്ല. മെഷീനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങളും പുറത്തുവിട്ടിട്ടില്ല.