vellappally-

കോട്ടയം: സാമൂഹ്യനീതിക്കായി ഭരണഘടന വിഭാവനം ചെയ്യുന്ന സാമുദായിക സംവരണം കണ്ണിലെ കൃഷ്ണമണിപോലെ കാക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനെ നിയമപരമായി നേരിടും. ഏറ്റുമാനൂർ ശാഖയിലെ ഗുരുദേവ ക്ഷേത്ര സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

''ഭരണഘടനയെ തകർത്ത് സാമ്പത്തിക സംവരണം നടപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒരുപോലെ ശ്രമിക്കുന്നു. ദേവസ്വം ബോർഡിൽ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുമ്പോൾ അവിടെയുള്ള 96 ശതമാനം ജീവനക്കാരും ആരാണെന്ന് പരിശോധിക്കണം. ജനസംഖ്യാനുപാതികമായി സ്പെഷ്യൽ റിക്രൂട്ട്മെന്റിലൂടെ നിയമനം നടത്തിയതിന് ശേഷമാണ് സാമ്പത്തിക സംവരണത്തെക്കുറിച്ച് പറയുന്നതെങ്കിൽ അംഗീകരിക്കാമായിരുന്നു. പാർലമെന്റിൽ പരസ്പരം ചെളിവാരിയെറിഞ്ഞവർ ഒരേ മനസോടെ ബില്ല് പാസാക്കിയപ്പോൾ പിന്നാക്കക്കാർ സംഘടിതരല്ലെന്ന് തെളിഞ്ഞു. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ബലമാണ് കണ്ടത്. സാമ്പത്തിക സംവരണത്തിനുള്ള സാഹചര്യമായോയെന്ന് പരിശോധിക്കാൻ പോലും കൂട്ടാക്കാതെയാണ് നടപ്പാക്കാൻ തുടങ്ങുന്നത്. മുന്നാക്കക്കാർക്ക് അർഹതപ്പെട്ടത് കൊടുക്കുന്നതിന് ആരും എതിരല്ല. പക്ഷേ, അതിനുള്ള അർഹതയുണ്ടോയെന്നെങ്കിലും പരിശോധിക്കേണ്ടതല്ലേ? നാമജപത്തിന് പോയിട്ട് എന്ത് കിട്ടിയെന്ന് ആത്മപരിശോധന നടത്തണം. നാമംജപംകൊണ്ട് മറ്റുപലരുമാണ് നേട്ടമുണ്ടാക്കിയത്. നമ്മുടെ ആളുകൾ ജയിലിൽ പോയത് മാത്രമാണ് മിച്ചം''- അദ്ദേഹം പറഞ്ഞു.

യൂണിയൻ പ്രസിഡന്റ് എം. മധു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. രാജീവ് ശാരദാദേവീ മണ്ഡപവും എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം കെ.എൽ. അശോക് മഹാദേവ മണ്ഡപവും സമർപ്പിച്ചു. ബോർഡ് അംഗം എ.ജി. തങ്കപ്പൻ അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് വി.എം. ശശി ക്ഷേത്ര ശില്പി ശിവൻ ആചാരി, നിർമാണങ്ങളുടെ കരാറുകാരൻ ദിലീപ് കുമാർ, ശില്പി ബെന്നി ആർ. പണിക്കർ, ദിലീപ് കുമാർ, എം.എൻ. ജനാർദ്ദനൻ, എം.ആർ. രാജീവ് എന്നിവരെ ആദരിച്ചു. ശാഖാ പ്രസിഡന്റ് പി.എൻ. രവീന്ദ്രൻ സ്വാഗതവും സെക്രട്ടറി കെ.എൻ. ഭരതൻ നന്ദിയും പറഞ്ഞു.