ലോകത്താകമാനം കൃത്യതകൃഷി വിപുലപ്പെട്ടു വരുമ്പോൾ, കാർഷിക വിളകൾക്കാവശ്യമായ വെള്ളം, രാസവളം, കീടനാശിനി, എന്നിവയുടെ ഉപയോഗത്തിലുണ്ടാകുന്ന അശാസ്ത്രീയത ഏറെ പ്രതിസന്ധികൾക്കിടവരുത്തുന്നു. ഇത് കാർഷിക മേഖലയിൽ ഉത്പാദനവും ഉത്പാദനക്ഷമതയും തുലോം കുറയാനിടവരുത്തുന്നു. ഉത്പാദന ചെലവ് വർദ്ധിച്ചു വരുമ്പോൾ അശാസ്ത്രീയ കൃഷിരീതികൾ കാർഷിക മേഖലയെ ബാധിക്കും.
സാക്ഷരതയിൽ മുന്നിട്ട് നിൽക്കുന്ന കേരളത്തിൽ കീടനാശിനിയുടെ അശാസ്ത്രീയ ഉപയോഗം മൂലം രണ്ടു പേർ മരിക്കാനിടയായത് ഏറെ ഗൗരവത്തോടെ കാണേണ്ടതുണ്ട് ! ഇത് തീർത്തും നാണക്കേടുണ്ടാക്കിയിട്ടുണ്ട്. കാർഷിക മേഖലയിൽ ഉത്പാദനവും ഉത്പാദനക്ഷമതയും നിരവധി കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. മണ്ണിന്റെ ഫലഭൂഷ്ടത, ജലസേചനം, ആവശ്യമായ മൂലകങ്ങളുടെ അളവ്, ശാസ്ത്രീയ പരിചരണം, രോഗനിയന്ത്രണ മാർഗങ്ങൾ, അനുയോജ്യമായ കാലാവസ്ഥ എന്നിവ ഇവയിൽ പ്രധാനപ്പെട്ടതാണ്. ശാസ്ത്രീയ കൃഷിരീതി പ്രാവർത്തികമാക്കാൻ അറിവും സ്ക്കില്ലും ആവശ്യമാണ്. കീടനാശിനിയുടെ ഉപയോഗത്തിൽ ശാസ്ത്രീയ അറിവുകൾ അത്യന്താപേക്ഷിതമാണ്. ഇതുമായി ബന്ധപ്പെട്ട സുരക്ഷാനടപടികളും, മുന്നറിയിപ്പുകളും കർഷകരും അതുപയോഗിക്കുന്നവരും അറിഞ്ഞിരിക്കണം.
സൈപ്പർ മെട്രിൻ, ക്വിനാൽഫോസ് എന്നീ കീടനാശിനികൾ ചേർന്ന മിശ്രിതമാണ് നെൽകൃഷിയിൽ കീടബാധയ്ക്കെതിരായി ഉപയോഗിക്കുന്നത്. ഇത്തരം കീടനാശിനികളുടെ ലേബലിൽ മുന്നറിയിപ്പുണ്ടാകുമെങ്കിലും വായിക്കാൻ കർഷകർ മിനക്കെടാറില്ല. ഇവയുടെ തോതിന്റെ കാര്യത്തിലും അശാസ്ത്രീയത നിലനിൽക്കുന്നു.
ഘട്ടംഘട്ടമായി, 2022-ഓടുകൂടി രാജ്യം പൂർണമായും ജൈവകൃഷിയിലേക്ക് മാറുമെന്ന് പറയുന്നുണ്ടെങ്കിലും കീടനാശിനി, രാസവള ഉപയോഗം എന്നിവയിൽ കാര്യമായ കുറവ് കാണപ്പെടുന്നില്ല. മാത്രമല്ല ഇവ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും കണ്ടില്ലെന്ന് നടിക്കുന്നു. അടുത്തയിടെ നീതി ആയോഗ് പുറത്തിറക്കിയ 'ന്യൂ ഇന്ത്യ @ 75" എന്ന റിപ്പോർട്ടിൽ രാജ്യത്തെ കാർഷിക മേഖലയുടെ വികസനത്തിനുവേണ്ട തന്ത്രങ്ങൾ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. 2022-ഓടുകൂടി രാജ്യം പൂർണമായും ജൈവകൃഷിയിലേക്ക് മാറുമെന്ന് പറയുമ്പോഴും ഉത്പാദനം, ഉത്പാദനക്ഷമത, ഉപഭോഗം എന്നിവയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് നീതി ആയോഗിന്റെ റിപ്പോർട്ടിൽ പരാമർശങ്ങളില്ല. മാത്രമല്ല, 2015-16 കേന്ദ്ര ബഡ്ജറ്റിൽ 2022-ഓടുകൂടി കർഷകന്റെ വരുമാനം ഇരട്ടിയാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ രാജ്യത്തെ കാർഷിക, വ്യവസായ, സേവന മേഖലകളിൽ കഴിഞ്ഞ നാല് വർഷത്തെ വളർച്ച വിലയിരുത്തിയാൽ സേവന മേഖല, കാർഷിക, വ്യവസായ മേഖലകളെ പിന്തള്ളികൊണ്ട് ഏറെ മുന്നേറുകയാണെന്നത് കാണാം.
കഴിഞ്ഞ നാല് വർഷ കാലയളവിൽ കാർഷികമേഖല കൈവരിച്ച വാർഷിക വളർച്ചാ നിരക്ക് ശരാശരി 2ശതമാനം മാത്രമാണ്. 2022 ഓടുകൂടി കാർഷിക വരുമാനം ഇരട്ടിയാക്കണമെങ്കിൽ കാർഷിക മേഖല ഇതിനകം 10.4 ശതമാനം വളർച്ച കൈവരിക്കണമായിരുന്നു. 2022 ആകുമ്പോഴേക്കും കാർഷിക മേഖലയുടെ വളർച്ച 13.4ശതമാനം കവിഞ്ഞാൽ മാത്രമേ വരുമാനം ഇരട്ടിയാകൂ. നാഷണൽ സാംപിൾ സർവ്വെ അനുസരിച്ച്, കർഷകന്റെ ആളോഹരി വാർഷിക വരുമാനം 96500/- രൂപയോളം മാത്രമാണ്. വരുമാനം ഇരട്ടിയാകുമ്പോൾ 2022 ഓടുകൂടി 193000/- രൂപയിലെത്തണം. അതിനാൽ കർഷകന്റെ വരുമാനം 2022-ഓടുകൂടി ഇരട്ടിയാക്കുക എന്ന പ്രഖ്യാപനം നിലവിൽ വരാൻ സാധ്യത വളരെ കുറവാണ്.
കാർഷിക മേഖലയിൽ സാങ്കേതിക വിദ്യ ഇന്ന് കരുത്താർജിച്ചു വരുന്നു. പ്രിസിഷൻ കൃഷി രീതികളും, സെൻസറുകൾ ഉപയോഗിച്ചുള്ള പരിചരണ രീതികളും, ഇന്റർനെറ്റ് ഓഫ് തിങ്സും, ആർട്ടിഫിഷ്യൽ ഇന്റലിജൻസും, ബ്ലോക്ക് ചെയ്ൻ ടെക്നോളജിയും വിപുലപ്പെട്ടുവരുന്നു. കീടനാശിനികളുടെയും രാസവസ്തുക്കളുടെയും തോത് കണ്ടെത്താൻ ഇന്റർനെറ്റ് ഓഫ് തിങ്സും, ബ്ലോക്ക് ചെയ്ൻ ടെക്നോളജിയും ഫലപ്രദമായി ഉപയോഗിച്ചു വരുന്നു. കൃഷിയും ഐടിയും ചേർന്നുള്ള ആഗ്രി അനലറ്റിക്സ് ഏറെ വിപുലപ്പെട്ടുവരുന്നു. ഹൈദരാബാദിലെ ICRISAT, മൈക്രോസോഫ്റ്റ്, ടെക് മഹീന്ദ്ര എന്നിവ ആയിരത്തോളം കാർഷിക വിദഗ്ദ്ധരെഅഗ്രി അനലറ്റിക്സ് പരിശീലിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്. മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണത്തിലും, വിപണനത്തിലും വിവരസാങ്കേതിക വിദ്യ ഏറെ പ്രാധാന്യമർഹിക്കുന്നു. കാർഷിക മേഖലയിൽ തൊഴിൽ നൈപുണ്യ വികസനത്തിനുവേണ്ടി രാജ്യത്ത് അഗ്രികൾച്ചർ സെക്ടർ സ്കിൽസ് നിലവിലുണ്ട്. കാർഷിക മേഖലയിയലെ ഉത്പാദനം പരിചരണം, രോഗനിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട് കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സ്കിൽ വികസനം ലക്ഷ്യമിട്ടാണ് അഗ്രികൾച്ചർ സെക്ടർ സ്കിൽസ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് മികച്ചരീതിയിൽ പ്രവർത്തിക്കുന്ന കാർഷിക സർവകലാശാലയും കൃഷിവകുപ്പും നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുമുണ്ട്. 7000- ത്തോളം കാർഷിക വിദഗ്ദ്ധരുള്ള സംസ്ഥാനം കൂടിയാണ് കേരളം. ഉത്പാദന മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന വികേന്ദ്രീകരണ ആസൂത്രണം നടപ്പിലാക്കുന്നതിൽ കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ ഏറെ മുന്നിലുമാണ്. കാർഷിക മേഖലയിലെ കീടനാശിനികളുടെയും രാസവളങ്ങളുടെയും മരുന്നുകളുടെയും ഉപയോഗത്തിൽ കൃത്യത രീതികൾ പരിശീലിപ്പിക്കാനും പ്രവാർത്തികമാക്കാനും ഇനി വൈകരുത്. ഫിലിപ്പീൻസ് പോലുള്ള രാജ്യങ്ങൾ നെൽകൃഷിയിൽ നടപ്പിലാക്കി വരുന്ന ശാസ്ത്രീയ കൃത്യത കൃഷിരീതികൾ, തൊഴിൽ നൈപുണ്യ പദ്ധതികൾ എന്നിവ നമുക്കും മാതൃകയാക്കാവുന്നതാണ്.