ബംഗളൂരു: ലിംഗായത്ത് ആചാര്യനും സിദ്ധഗംഗ മഠാധിപതിയുമായ ശിവകുമാരസ്വാമി സമാധിയായി. 111 വയസായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെ 11.44 ഓടെയായിരുന്നു അന്ത്യം.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ പതിനഞ്ച് ദിവസമായി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് നടക്കും. 2015 ൽ രാജ്യം പത്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
‘സഞ്ചരിക്കുന്ന ദൈവം’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ശിവകുമാരസ്വാമി ശ്രീ സിദ്ധഗംഗ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ സ്ഥാപകനും ഭരണാധികാരിയുമായിരുന്നു. സൊസൈറ്റിയുടെ കീഴിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അദ്ദേഹം തുടക്കം കുറിച്ചു. പ്രാഥമിക വിദ്യാഭ്യാസം മുതൽ ഗവേഷണതലംവരെയുള്ള പതിനായിരത്തോളം വിദ്യാർത്ഥികൾ ഗുരുകുലത്തിൽ സൗജന്യമായി താമസിച്ച് പഠിക്കുന്നുണ്ട്. വിവരസാങ്കേതിക വിദ്യ, പാരാമെഡിക്കൽ വിഭാഗം, ഇംഗ്ലീഷ്, കന്നട, സംസ്‌കൃതം, ദൃശ്യകലകൾ, ചിത്രകല, നാടക ഗവേഷണ വിഭാഗം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി മികച്ച അദ്ധ്യാപകരും ഗുരുകുലത്തിലുണ്ട്. ബംഗളൂരു നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള തുമകൂരുവിലാണ് ഗുരുകുലം.
1907 ൽ കർണാടകയിലെ വീരപുരത്താണ് അദ്ദേഹം ജനിച്ചത്. ഗംഗമ്മയും ഹൊന്നപ്പയുമാണ് മാതാപിതാക്കൾ. പ്രാഥമിക വിദ്യാഭ്യാസം വീരപുരത്തായിരുന്നു. കന്നടയിലും ഇംഗ്ലീഷിലും സംസ്‌കൃതത്തിലും ബിരുദാനന്തരബിരുദവും നേടിയ അദ്ദേഹം1930 ലാണ് ഗുരുകുലം സ്ഥാപിക്കുന്നത്.
ബംഗളൂരു യൂണിവേഴ്‌സിറ്റി അദ്ദേഹത്തിന് ഡോക്ടറേറ്റ് നൽകി. 2007 ൽ കർണാടക സർക്കാർ ‘കർണാടക രത്ന’ പുരസ്‌കാരം നൽകി ആദരിച്ചു. നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
ശിവകുമാരസ്വാമിയുടെ വിയോഗത്തെ തുടർന്നു സംസ്ഥാനത്ത് മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ബി.എസ്. യെദിയൂരപ്പയും തുമകൂരുവിലെ സിദ്ധഗംഗ മഠത്തിലെത്തി അന്ത്യോപചാരം അർപ്പിച്ചു.
സ്വാമിയുടെ വിയോഗത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി എന്നിവർ അനുശോചിച്ചു.