ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയെത്തുടർന്ന് വിശ്വാസി സമൂഹം നാമഘോഷ പ്രാർത്ഥനയിൽ മുഴുകിയിരിക്കുകയാണ്. വിധിപ്രസ്താവം നടത്തുന്നതിന് മുൻപ് ക്ഷേത്രാരാധനയെ സംബന്ധിച്ച ഒരു പഠനവും നടന്നില്ല എന്നത് തികച്ചും ഖേദകരമാണ്. ക്ഷേത്രങ്ങളിലുള്ളത് വെറും പ്രതിമകളല്ല, വിഗ്രഹങ്ങളാണ്. വിശേഷാൽ ഗ്രാഹ്യമായതാണ് വിഗ്രഹം. ക്ഷേത്രം ഒരു പൊതുസ്ഥലമല്ല, പിക്‌നിക് സ്പോട്ടല്ല, ആരാധനാലയമാണ്. ക്ഷേത്രാരാധനയിൽ ശരീരശുദ്ധി, മന:ശുദ്ധി,ദ്രവ്യശുദ്ധി എന്നിങ്ങനെ വിവിധതരം ശുദ്ധികളെക്കുറിച്ച് പറയുന്നുണ്ട്.
ക്ഷേത്രം നിർമ്മിച്ചിരിക്കുന്നതും പൂജാക്രമങ്ങൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവയെല്ലാം നിശ്ചയിച്ചിരിക്കുന്നതും താന്ത്രിക വിധിപ്രകാരം വിഗ്രഹത്തിൽ ജീവൻ ആവാഹിച്ചിരുത്തിയ തന്ത്രിയാണ്. കേരളത്തിലെ ക്ഷേത്രങ്ങളിൽ വിഗ്രഹപ്രതിഷ്ഠ മുതലുള്ള പൂജാവിധികൾ, ആചാരാനുഷ്ഠാനങ്ങൾ എന്നിവയെല്ലാം തന്ത്രശാസ്ത്ര വിധിപ്രകാരമാണ് നടത്തപ്പെടുന്നത്. നിയമ വ്യവസ്ഥയുടെ തണലിൽ ഏതെങ്കിലും ഒരു ശാസ്ത്രത്തിലെ വിഷയത്തിൽ മാറ്റംവരുത്താൻ ശ്രമിച്ചാൽ അത് മറ്റൊരു ശാസ്ത്രത്തിൽ ഉൾക്കൊണ്ടിട്ടുള്ള വിഷയങ്ങളെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ സനാതനധർമ്മ വിശ്വാസത്തിന് വിരുദ്ധമാവും .
ഒാരോ ക്ഷേത്രത്തിനും അതിന്റേതായ വിഗ്രഹ സങ്കല്പവും ആരാധനാ ക്രമങ്ങളും ആചാരാനുഷ്ഠാനങ്ങളും കീഴ്‌വഴക്കങ്ങളും ഐതിഹ്യങ്ങളും ഉണ്ട്. ഇവയെല്ലാം ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ ചൈതന്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ശ്രീ ധർമ്മശാസ്താവ്, ശ്രീ അയ്യപ്പൻ, ശ്രീ ഭൂതനാഥൻ, ശ്രീ ഹരിഹരപുത്ര സ്വാമി, വേട്ടയ്ക്കൊരു മകൻ, അയ്യനാർ എന്നിങ്ങനെ വിവിധ രൂപങ്ങളിലും ഭാവങ്ങളിലും ശ്രീ ധർമ്മശാസ്താവിനെ ആരാധിച്ചുവരുന്നു. ഇവിടെയെല്ലാം വിഗ്രഹ സങ്കല്പത്തിനനുസരിച്ചുള്ള ധ്യാനശ്ളോകവും പൂജാവിധികളും ആചാരാനുഷ്ഠാനങ്ങളുമാണ് നടന്നുവരുന്നത്.
പ്രതിഷ്ഠ നടത്തിയപ്പോൾ തന്ത്രി തീരുമാനിച്ചിട്ടുളള എല്ലാ പ്രത്യേക പൂജാവിധികളും ആചാരാനുഷ്ഠാനങ്ങളും പാലിച്ചാൽ മാത്രമേ വിഗ്രഹത്തിന്റെ ചൈതന്യം നിലനിറുത്തപ്പെടുകയുള്ളു. ശബരിമലയിലെ പ്രതിഷ്ഠ ധ്യാനനിരതനായി, തപസ്വിയാണെന്നാണ് വിഗ്രഹസങ്കല്പം. സനാതന ധർമ്മത്തിലെ വിവിധ വിശ്വാസങ്ങളിലും നടപടിക്രമങ്ങളിലും പ്രതിപാദിച്ചിട്ടുള്ളതുപോലെ, രജസ്വലയായ സ്ത്രീയുടെ സാമീപ്യം തപസ്വിയുടെ തപസിന് ഭംഗം വരുത്താനിടയുണ്ട്. അതിനാലാണ് 10 വയസിനും 50 വയസിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഇത്തരം സങ്കല്പമുള്ള ക്ഷേത്രങ്ങളിൽ പ്രവേശനം നിഷേധിക്കുന്നത്.
ഓരോ ക്ഷേത്രത്തിന്റെയും തന്ത്രശാസ്ത്രാനുസാരിയായ ആചാരങ്ങൾ ഉണ്ടാക്കുന്നത്, ക്ഷേത്രത്തിന്റെ ആചാര്യനാണ്. ഒരു വിഗ്രഹത്തിൽ പ്രാണപ്രതിഷ്ഠ നടത്തുന്ന ആചാര്യൻ അതിനുശേഷം, ഊരാളന്മാരോട് ചേർന്ന് ആചാരങ്ങൾ നിശ്ചയിക്കണം എന്നാണ് തന്ത്രശാസ്ത്രം നിർദ്ദേശിക്കുന്നത്. ഈ ആചാരങ്ങൾ ക്ഷേത്രത്തിന്റെ നിയമമാവും.
ആചാരപരിഷ്കാരത്തിന് ഏറ്റവും മുഖ്യമായ നിർദ്ദേശം തന്ത്രിയുടേതാണ്.
ക്ഷേത്രദർശനത്തിനു പോകുന്ന വ്യക്തി, അവിടത്തെ മൂർത്തിയുടെ ഭക്തനായിരിക്കണം. ആ ഭക്തൻ ദർശനത്തിന് പോകുമ്പോൾ ആരാധനാക്രമങ്ങൾ പാലിക്കാനും ബാദ്ധ്യസ്ഥനാണ്. വിഗ്രഹപ്രതിഷ്ഠ നടത്തുമ്പോൾ, തന്ത്രി നിശ്ചയിച്ചിട്ടുള്ള ആരാധനാക്രമങ്ങൾ പാലിക്കാതെ ഹിന്ദുമതത്തിൽ ജനിച്ചു എന്നതുകൊണ്ടുമാത്രം, ക്ഷേത്രദർശനം തന്നിഷ്ടപ്രകാരം നടത്താൻ അനുവാദം വേണമെന്ന വാദം അസംബന്ധമാണ്. മൂർത്തിയെ ദർശിക്കുന്ന ഭക്തൻ മൂർത്തിയുമായും നിവസിക്കുന്ന ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങൾ പാലിക്കപ്പെടണമെന്നുള്ളത് നിസ്തർക്കമാണ്.
( ലേഖകൻ കേരള ബ്രാഹ്മണസഭ മുൻ സംസ്ഥാന അദ്ധ്യക്ഷനാണ്. ഫോൺ: 9447144098.)