ന്യൂഡൽഹി: ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുടെ ഹെലികോപ്‌ടർ പശ്ചിമ ബംഗാളിൽ ലാൻഡ് ചെയ്യുന്നതിന് അുമതി നിഷേധിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച ബി.ജെ.പി പ്രചാരണം തെറ്റാണെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി പറഞ്ഞു. എല്ലാ കാര്യങ്ങളിലും ബി.ജെ.പി സത്യത്തെ വളച്ചൊടിക്കുകയാണെന്നും മമത ആരോപിച്ചു. നേരത്തെ പശ്ചിമ ബംഗാളിൽ ബി.ജെ.പി നടത്താനിരുന്ന രഥയാത്രയെച്ചൊല്ലി നേരത്തെ തന്നെ തർക്കം നിലനിന്നിരുന്നു. ഇത് സംബന്ധിച്ച നിയമയുദ്ധം സുപ്രീം കോടതിയിലെത്തുകയും ചെയ്‌തിരുന്നു. തുടർന്ന് പദയാത്ര നടത്താമെന്ന് ബി.ജെ.പി തീരുമാനിക്കുകയായിരുന്നു. ഇതിനിടയിലാണ് അമിത് ഷായുടെ ഹെലികോപ്‌ടർ മാൽഡ വിമാനത്താവളത്തിൽ ഇറങ്ങാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തെത്തിയത്.
ജനാധിപത്യത്തിൽ വിശ്വസിക്കുന്നത് കൊണ്ടാണ് ബി.ജെ.പിയുടെ പരിപാടിക്ക് അനുമതി നൽകിയത്. ചില വിവരങ്ങൾ മറച്ച് വച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അമിത് ഷായുടെ ഹെലിക്കോപ്ടറിന് ലാൻഡ് ചെയ്യാൻ അനുമതി നൽകിയില്ലെന്ന ആരോപണം തെറ്റാണ്. മുഖ്യന്ത്രിയായിരുന്നിട്ട് പോലും തന്റെ ഹെലിക്കോപ്ടർ വേറൊരു സ്ഥലത്ത് ഇറക്കാനാണ് പൊലീസ് അനുമതി നൽകിയത്. ചില സുരക്ഷാ കാരണങ്ങളാലാണ് മാൽഡാ വിമാനത്താവളത്തിൽ ഹെലിക്കോപ്‌ടർ ഇറക്കരുതെന്ന് പൊലീസ് നിർദ്ദേശിച്ചതെന്നും മമത പറഞ്ഞു.
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് വിമാനത്താവളത്തിൽ ഹെലിക്കോപ്‌ടർ ഇറക്കാൻ കഴിയാത്തതെന്ന് കാട്ടി മാൽഡയിലെ അഡീഷണൽ ഡിസ്ട്രിക്‌ട് മജിസ്‌ട്രേറ്റും ബി.ജെ.പിയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണി മൂലം വിമാനത്താവളത്തിലെ താത്കാലിക ഹെലിപ്പാഡിൽ അമിത് ഷായുടെ ഹെലിക്കോപ്‌ടർ ഇറക്കുന്നത് സുരക്ഷിതമല്ലെന്നാണ് അധികൃതരുടെ നിലപാട്.