കീടനാശിനികൾ തളിക്കുന്നത് മൂലമുള്ള മാരകസ്വഭാവം അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന പച്ചക്കറികൾക്കാണെന്ന വിശ്വാസത്തിലായിരുന്നു മലയാളികൾ. തമിഴ്നാട്ടിലും മറ്റും കേരളത്തിലേക്ക് അയയ്ക്കാൻ പച്ചക്കറികൾ പ്രത്യേകം കൃഷി ചെയ്യാറുണ്ടെന്ന് വരെയാണ് കേട്ടിരുന്നത്. കേടാവാതിരിക്കാൻ വലിയ തോതിലും വിളവെടുക്കുന്നതിന്റെ തലേദിവസം പോലും അതിമാരകമായ കീടനാശിനികൾ തളിക്കും. ആശങ്കയോടെയാണ് അന്യസംസ്ഥാനത്ത് നിന്നുള്ള പച്ചക്കറികളും പഴവർഗങ്ങളും വാങ്ങിയിരുന്നത്. സംസ്ഥാനത്തും കീടനാശിനികളുടെ ഉപയോഗത്തിന് ഒരു കുറവുമില്ലെന്നാണ് ഞെട്ടിക്കുന്ന പുതിയ വിവരം. തിരുവല്ലയിൽ കീടനാശിനി തളിക്കാൻ നിയോഗിക്കപ്പെട്ട രണ്ട് കർഷകത്തൊഴിലാളികൾ അകാലമരണത്തിന് കീഴടങ്ങിയത് രണ്ട് ദിവസം മുമ്പാണ്. കൂടിയ അളവിൽ കീടനാശിനി തളിച്ചതാകാം മരണ കാരണമെന്നാണ് ഒരു അനുമാനം. അതിന് അർത്ഥം ഒരു നിയന്ത്രണവുമില്ലാതെ യഥേഷ്ടം കീടനാശിനി തളിക്കാവുന്ന സാഹചര്യം സംസ്ഥാനത്ത് നിലനിൽക്കുന്നുവെന്ന് തന്നെയാണ്.
കർഷകരുടെ ലാഭക്കൊതി മാത്രമാണോ കീടനാശിനികളുടെ ഉപയോഗം വീണ്ടും വർദ്ധിക്കാൻ കാരണം? അങ്ങനെ കരുതിയാൽ യഥാർത്ഥ കാരണങ്ങളിൽ എത്താനോ പരിഹാരം കാണാനോ കഴിയാതെ വരും. ജൈവകീടനാശിനികളോ, സാധാരണ രാസകീടനാശിനികളോ ഫലപ്രദമാകാത്തതാവാം വിഷത്തിന്റെ മാർഗം തിരഞ്ഞടുക്കാൻ കർഷകരെ പ്രേരിപ്പിക്കുന്നത്. രാസപദാർത്ഥങ്ങൾക്കെതിരെ പ്രതിരോധശേഷി കൈവരിക്കാനുള്ള കഴിവ് പല കീടങ്ങൾക്കുമുണ്ട്. ഈ കഴിവ് ആർജ്ജിക്കുന്ന കീടങ്ങളെ നശിപ്പിക്കാൻ കർഷകർ മുതിരുക സ്വാഭാവികമാണ്. കണ്ടെത്തേണ്ടത് വിഷത്തിന്റെ വഴി തേടാൻ കർഷകർ എന്തുകൊണ്ട് മുതിരുന്നുവെന്നാണ്. പ്രധാനമായും രണ്ടാണ് കാരണങ്ങൾ. ഒന്ന്: കീടനാശിനികളുടെ ദുരുപയോഗം നിയന്ത്രിക്കാനോ, വിഷാംശമുള്ള പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും വില്പന തടയാനോ ഉള്ള സംവിധാനം ഫലപ്രദമല്ല. രണ്ട്: ഈ വിപത്തിനെതിരായ ബോധവത്കരണം ഒട്ടും കാര്യക്ഷമമല്ല. നിർവീര്യമാകാൻ രണ്ടോ മൂന്നോ ആഴ്ച വേണ്ടിവരുന്ന കീടനാശിനികൾ വിളവെടുപ്പിന് രണ്ടോ മൂന്നോ ദിവസം മുമ്പ് പോലും ചില കർഷകർ തളിക്കാറുണ്ട്. വില്പന വൈകിയാലും കേടാവാതെ സൂക്ഷിക്കുകയാണ് ലക്ഷ്യം. വിഷാംശമുള്ള പച്ചക്കറികൾ കണ്ടെത്താവുന്നതേയുള്ളൂ. കണ്ടെത്താനോ ശിക്ഷാനടപടി സ്വീകരിക്കാനോ ഫലപ്രദമായ ഒരു സംവിധാനമുണ്ടെങ്കിൽ കീടനാശിനിപ്രയോഗം വ്യാപകമാകുമായിരുന്നില്ല.
എൻഡോസൾഫാന്റെ ഇരകളെ ഓർക്കാതിരിക്കുകയാണ് അധികാരികൾ. കീടനാശിനികളുടെ ദുരുപയോഗം കണ്ടെത്താനുള്ള പരിശോധനയും ശിക്ഷാനടപടിയും പ്രായോഗികമല്ലെന്ന് കരുതുന്നത് മൗഢ്യമാണ്. കുടിൽ വ്യവസായം പോലെ ചാരായം നിർമ്മിക്കാവുന്നതേയുള്ളൂ. ഏറെ ആദായകരവുമാണ്. പക്ഷേ,സമൂഹത്തിൽ വളരെ കുറച്ച് പേർ മാത്രമേ അതിന് ഒരുമ്പെടാറുള്ളൂ. നീതിബോധം മൂലമൊന്നുമല്ല, ശിക്ഷാ നടപടി ഭയന്നാണ് ചാരായം വാറ്റാനുള്ള സാങ്കേതികവിദ്യ വശമുള്ള ഭൂരിഭാഗം പേരും അതിന് ഒരുമ്പെടാത്തത്. ചാരായ ഉത്പാദനം വ്യാപകമായാൽ വിദേശമദ്യങ്ങളുടെ കകച്ചവടത്തെ ബാധിക്കുമെന്നും നികുതിവരുമാനം കുറയുമെന്നും സർക്കാരിന് അറിയാം. അതിനാൽ, കർശനമായി തടയുന്നു. കീടനാശിനികളുടെ കാര്യത്തിലും ഇതേ സമീപനമാണ് ആവശ്യം.
കീടനാശിനികളുടെ മാരകസ്വഭാവം എത്രത്തോളമെന്ന് ഉപയോഗിക്കുന്ന കർഷകർക്ക് പോലും അറിയില്ല. കീടനാശിനി തളിച്ച പച്ചക്കറികൾ സ്വന്തം വീട്ടിലും ഉപയോഗിക്കുന്ന കർഷകരുണ്ട്. കഴിച്ചിട്ട് ഒന്നും സംഭവിക്കുന്നില്ലല്ലോയെന്ന ചിന്തയാണ് വിഷം കലർന്ന പച്ചക്കറികൾ ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനുമൊക്കെ കാരണം. കരൾരോഗവും അർബുദവും ബാധിക്കാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾ ദുർബലമാണ്. കീടനാശിനി ബോട്ടിലുകളുടെ പുറത്ത് അപായ ചിഹ്നമോ ചുവപ്പ് ത്രികോണമോ നൽകിയതുകൊണ്ട് മാത്രം കാര്യമില്ല. കർഷകരുടെ മനസിൽ തങ്ങിനിൽക്കും വിധമുള്ള ബോധവത്കരണമാണ് ആവശ്യം. 'ജൈവപച്ചക്കറി" എന്ന ലേബൽ ഉപയോഗിച്ച് പോലും കീടനാശിനിയുടെ അംശമുള്ള പച്ചക്കറികളും പഴവർഗങ്ങളും വിൽക്കുന്ന സ്ഥാപനങ്ങളുണ്ടെന്നാണ് വിവരം. ഈ സ്ഥാപനങ്ങളിൽ പോലും പരിശോധനകൾ നടത്താറില്ലെന്ന ആക്ഷേപമുണ്ട്. ഭഷ്യവസ്തുക്കളിലും വിഷമെന്ന വിപത്തിനെ അധികാരികൾ ലാഘവത്തോടെ കാണുന്നതിന് ഒരു ഉദാഹരണമാണ് ഇത്. എൻഡോസൾഫാന്റെ ഇരകളെ ഓർത്തെങ്കിലും ഈ അനാസ്ഥ ഉപേക്ഷിക്കണം. ഭരണാധികാരികൾക്കും ഒരു ബോധവത്കരണം ആവശ്യമാണെന്ന് വേണം കരുതാൻ.