tony
TONY

വാഷിംഗ്ടൺ: ജീവിച്ചിരിക്കുന്ന ജെയിംസ് ബോണ്ട് എന്നറിയപ്പെടുന്ന മുൻ സി.ഐ.എ സൂപ്പർ ഏജന്റ് ടോണി മെൻഡിസ് (78)​ അന്തരിച്ചു. പാർക്കിൻസൺ രോഗത്തെത്തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു.

വേഷം മാറി നടത്തുന്ന അദ്ദേഹത്തിന്റെ ഓപ്പറേഷനുകൾ ഹോളിവുഡ് ആക്‌ഷൻ സിനിമയെപ്പോലും വെല്ലുന്നവയാണ്.1980 ൽ യു.എസ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇറാനിൽനിന്നു സാഹസികമായി അമേരിക്കയിലേക്ക് രക്ഷപ്പെടുത്തിയ ‘കനേഡിയൻ കേപർ’ എന്ന ഓപ്പറേഷനോടെയാണ് ടോണി ജനഹൃദയം കവർന്ന ചാരനായി മാറിയത്. ടോണിയുടെ സാഹസികത പ്രമേയമാക്കി ബെൻ ആഫ്ലെക്ക് ഒരുക്കിയ ഹോളിവുഡ് ത്രില്ലർ സിനിമ ‘ആർഗോ' 2013ൽ മികച്ച ചിത്രത്തിനുൾപ്പെടെ മൂന്ന് ഓസ്‌കാർ അവാർഡുകൾ നേടിയിരുന്നു. 25 വർഷത്തെ സേവനത്തിന് ശേഷം സി.ഐ.എയിൽനിന്നു വിരമിച്ച ടോണി ഒരു ആർട്ട് സ്റ്റുഡിയോ ആരംഭിച്ചു. മൂന്ന് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

സസ്പെൻസ് ത്രില്ലർ ഓപ്പറേഷൻ

സിനിമകളെയും സാഹിത്യത്തെയും സ്നേഹിച്ച ടോണിയുടെ ഓപ്പറേഷനുകളും സിനിമാക്കാരെ കൂട്ടുപിടിച്ചായിരുന്നു. മേക്ക്അപ്പ് ആർട്ടിസ്റ്റുകളും മജിഷ്യന്മാരുമെല്ലാം ടോണിയെ സഹായിച്ചിരുന്നു.

1979-ൽ ഇറാൻ വിപ്ലവ സമയത്ത് ടെ‌ഹ്റാനിലെ യു.എസ് എംബസിയിൽ നയതന്ത്ര ഉദ്യോഗസ്ഥർ കുടുങ്ങി. ഇവരെ രക്ഷപ്പെടുത്താൻ അമേരിക്ക പല ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. ഒടുവിൽ കാനഡയും യു.എസും സി.ഐ.എയും ചേർന്ന് ദൗത്യം ടോണിയെ ഏല്പിച്ചു.

സിനിമാക്കാരെന്ന വ്യാജേന ടോണിയും സംഘവും എംബസിയിൽ കയറി. സംശയം തോന്നാതിരിക്കാൻ ഹോളിവുഡിൽ വ്യാജ സിനിമാനിർമാണ കമ്പനി തുടങ്ങുകയും മാദ്ധ്യമങ്ങളിൽ വാർത്ത നൽകുകയും ചെയ്തിരുന്നു. ഒടുവിൽ വിശ്വാസം സ്ഥാപിച്ചെടുത്ത ടോണി ഉദ്യോഗസ്ഥരെ വിദഗ്ദ്ധമായി പുറത്തു കടത്തുകയായിരുന്നു.