നിലമ്പൂർ: ജീവിച്ചിരിക്കുന്ന പ്രശസ്ത ഗായിക എസ്. ജാനകിയക്ക് അനുശോചനം രേഖപ്പെടുത്തി എസ്.എഫ്.ഐ ഏരിയ സമ്മേളനം. സംഭവം നാണക്കേടായതോടെ ഖേദം രേഖപ്പെടുത്തി വിവാദത്തിൽ നിന്ന് തലയൂരി. എസ്.എഫ്.ഐ നിലമ്പൂർ ഏരിയ സമ്മേളനത്തിലായിരുന്നു വിവാദ സംഭവം. അനുശോചന പ്രമേയത്തിൽ കഴിഞ്ഞ വർഷം മരിച്ചവരുടെ പട്ടികയിൽ എസ്.ജാനകിയുടെ പേര് ഉൾപ്പെടുത്തുകയായിരുന്നു. ഈ പട്ടിക വായിക്കുന്നതിനിടെയായിരുന്നു ജാനകിക്ക് ആദരാഞ്ജലികൾ അർപ്പിച്ചത്. ഇതിനിടെ പറയുന്നത് അബദ്ധമാണെന്ന് വേദിയിലെ നേതാക്കൾക്കും പ്രവർത്തകർക്കും മനസിലാവുകയോ തിരുത്തുകയോ ചെയ്തില്ല.
സംഭവം വിവാദമയാതോടെ സംഘാടകർക്ക് എസ്.എഫ്.ഐ ഏരിയ നേതൃത്വത്തിന്റെ ശകാരം കേട്ടു. എന്നാൽ സജീവ സംഗീതജീവിതം അവസാനിപ്പിക്കുകയാണന്നും സംഗീതപരിപാടികളിൽ നിന്ന് വിട്ടു നിൽക്കുകയാണന്നും എസ്. ജാനകി നേരത്തെ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് ഗായിക എസ് ജാനകി മരിച്ചുവെന്ന തരത്തിൽ അന്ന് വ്യാജ പ്രചരണം നടന്നിരുന്നു. സോഷ്യൽ മീഡിയ വഴിയാണ് അന്ന് വാർത്ത പ്രചരിച്ചിരുന്നത്. ഗാനകോകിലം എസ് ജാനകിയമ്മയ്ക്ക് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ എന്ന തലക്കെട്ടോടെ ചിത്രം സഹിതമാണ് വാർത്ത പ്രചരിച്ചിരുന്നത്.