ന്യൂഡൽഹി: 2014ലെ പൊതു തിരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രങ്ങൾ അട്ടിമറിച്ചിട്ടുണ്ടെന്ന് അമേരിക്കൻ ഹാക്കറുടെ വെളിപ്പെടുത്തൽ. ബി.ജെ.പി വൻജയം നേടിയ ലോക്സഭാ തിരഞ്ഞെടുപ്പുകൾക്ക് പുറമെ ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും അട്ടിമറി നടന്നതായും അമേരിക്കൻ ഹാക്കർ ലണ്ടനിൽ നടത്തിയ ഹാക്കത്തണിൽ വെളിപ്പെടുത്തി. ദേശീയ മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. ലണ്ടനിലെ ഇന്ത്യൻ ജേർണലിസ്റ്റ് അസോസിയേഷനായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
'2014ലെ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷിൻ ഹാക്ക് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുതിർന്ന ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെയ്ക്ക് കൃത്യമായ വിവരങ്ങൾ അറിയാമായിരുന്നു. അത് വെളിപ്പെടുത്താതിരിക്കാനാണ് അദ്ദേഹത്തിന്റെ പാർട്ടി തന്നെ അദ്ദേഹത്തെ കൊലപ്പെടുത്തിയത്. തിരഞ്ഞെടുപ്പിൽ ഹാക്ക് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാൻ ഇന്ത്യയിലെ നിരവധി രാഷ്ട്രീയ പാർട്ടികൾ തന്നെ സമീപിച്ചിരുന്നെന്നും അതിൽ ബി.ജെ.പിക്ക് പുറമെ എസ്.പി, ബി.എസ്.പി, കോൺഗ്രസ്, ആം ആദ്മി എന്നിവരുണ്ടായിരുന്നു. ഇന്ത്യയിലെ വോട്ടിംഗ് യന്ത്രങ്ങൾ സുരക്ഷിതമല്ലെന്നും ഹാക്കർ വ്യക്തമാക്കി.
ലണ്ടനിൽ നടന്ന പരിപാടിയിൽ എങ്ങനെയാണ് ഇന്ത്യൻ വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്യുന്നതെന്ന് അദ്ദേഹം കാണിച്ചു തന്നു. ഇന്ത്യൻ സർക്കാരോ തിരഞ്ഞെടുപ്പ് കമ്മിഷനോ ഇത് ഒരിക്കലും അംഗീകരിക്കില്ലെങ്കിലും ഇന്ത്യൻ വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്യാനാകുമെന്ന് ഹാക്കർ പറഞ്ഞു. ലണ്ടനിൽ സംഘടിപ്പിച്ച പരിപാടിയിൽ കോൺഗ്രസ് നേതാവ് കപിൽ സിബൽ പങ്കെടുത്തു. എന്നാൽ ഇക്കാര്യങ്ങൾ പൂർണമായും തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. ഇത് ഒരു നാടകമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്.