accident

കോട്ടയം: ഭർത്താവിനും മക്കൾക്കുമൊപ്പമുള്ള യാത്രയ്‌ക്കിടെ നിയന്ത്രണം വിട്ട് മറിഞ്ഞ സ്‌കൂട്ടറിൽ നിന്ന് ലോറിക്കടിയിൽ തെറിച്ചുവീണ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം. കാണക്കാരിയിൽ വാടകയ്‌ക്ക് താമസിക്കുന്ന കാഞ്ഞിരപ്പള്ളി കറിക്കാട്ടൂർ കല്ലുകടുപ്പിൽ ജയകുമാറിന്റെ ഭാര്യ മിനിയാണ് (38) മരിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് 12ന് എം.സി റോഡിൽ നാഗമ്പടം ക്ഷേത്ര ഗോപുരത്തിന് സമീപം മക്കളായ സാമുവേലിന്റെയും (12) സാംസണിന്റെയും (5) മുന്നിലായിരുന്നു ദാരുണാന്ത്യം. ലോറി ഡ്രൈവ‌ർ നാരായണത്ത്കുഴി വിനുലാലിനെതിരെ (49) ഗാന്ധിനഗർ പൊലീസ് കേസെടുത്തു.

ഏറ്റുമാനൂർ ഭാഗത്ത് നിന്നാണ് നാലംഗ സംഘം സ്‌കൂട്ടറിൽ വന്നത്. എം.ആർ.എഫിലേക്ക് ലോഡുമായി പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് അപകടത്തിൽപ്പെട്ടത്. മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോറിയുടെ മദ്ധ്യഭാഗത്ത് ഹാൻഡിൽ തട്ടി സ്‌കൂട്ടർ മറിഞ്ഞെന്നാണ് ജയകുമാർ‌ പൊലീസിനു നൽകിയ മൊഴി. തുടർന്ന് മിനി, ലോറിക്കടിയിലേക്ക് വീണു. ജയകുമാറും കുട്ടികളും സ്‌കൂട്ടറുമായി റോഡിന്റെ മദ്ധ്യഭാഗത്തേക്കും മറിഞ്ഞു. ഇതിനിടെ മിനിയുടെ തലയിലൂടെ ലോറിയുടെ പിൻചക്രങ്ങൾ കയറിയിറങ്ങി.

നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നിസാരമായി പരിക്കേറ്റ ജയകുമാറിനെയും കുട്ടികളെയും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. പിന്നാലെ അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ മിനിയുടെ മൃതദേഹം മെഡിക്കൽ കോളേജിലെത്തിച്ചു. റോഡിൽ ചിതറിയ രക്തവും തലച്ചോറും അവശിഷ്‌ടങ്ങളും അഗ്നിരക്ഷാ സേനയാണ് കഴുകിമാറ്റിയത്. ജയകുമാർ തയ്യൽ തൊഴിലാളിയാണ്.