തിരുവല്ല: അപ്പർ കുട്ടനാട്ടിലെ പെരിങ്ങരയിൽ കീടനാശിനി തളിക്കുന്നതിനിടെ കർഷകത്തൊഴിലാളികൾ മരണമടഞ്ഞ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.. മരണമടഞ്ഞ തിരുവല്ല കഴുപ്പിൽ കോളനിയിൽ സനൽകുമാറിന്റെയും മത്തായി ഈശോയുടെയും ഭവനങ്ങൾ സന്ദർശിച്ചശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ ഗുരുതരമായ പ്രശ്‌നങ്ങളാണ് കർഷകർ അനുഭവിക്കുന്നത്. അപ്പർ കുട്ടനാട് മേഖലകളിൽ വ്യാജ കീടനാശിനികൾ വ്യാപകമാണെന്ന പരാതി ഏറെനാളായുണ്ട്. അനധികൃതമായ നിലയിൽ കീടനാശിനികൾ ഉപയോഗിക്കുന്നതിന്റെ രക്തസാക്ഷികളായി മാറിയിരിക്കുകയാണ് സനലും മത്തായി ഈശോയും. കൃഷി ഓഫീസർമാരാണ് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ നൽകേണ്ടത്. എന്നാൽ ഇവിടെയും സമീപ കൃഷിഓഫീസുകളിലും കൃഷി ഓഫീസർമാരില്ല. കൃഷിവകുപ്പിന്റെ അനാസ്ഥയാണ് ഇക്കാര്യത്തിൽ പ്രകടമാകുന്നത്. സമഗ്രമായ അന്വേഷണം നടക്കണം. മരണമടഞ്ഞ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം നൽകാൻ സർക്കാർ തയ്യാറാകണം. വീടില്ലാത്ത സനൽകുമാറിന്റെ കുടുംബത്തിന് തന്റെ ഗാന്ധ്രിഗ്രാം പദ്ധതിപ്രകാരം വീട് നിർമ്മിക്കാൻ നാലുലക്ഷം രൂപയുടെ ധനസഹായം ചെയ്യുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആന്റോ ആന്റണി എം.പി, ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്, കെ.പി.സി.സി നിർവാഹകസമിതി അംഗം പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, ബ്ലോക്ക് പ്രസിഡന്റ് ആർ. ജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സതീഷ് ചാത്തങ്കരി, കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ചെറിയാൻ കല്പകവാടി, മണ്ഡലം പ്രസിഡന്റ് സോമൻ താമരച്ചാലിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.