mahaguru

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ ജീവിതവും,​ ഗുരുവിന്റെ വിരൽ പിടിച്ച് കേരളം നവോത്ഥാനത്തിന്റെ വിപ്ളവപഥത്തിലേക്കു ചുവടുവച്ച ചരിത്രവും പ്രമേയമാക്കി കൗമുദി ടിവി നിർമ്മിക്കുന്ന 'മഹാഗുരു' മെഗാ പരമ്പരയുടെ പ്രിമിയർ ട്രെയിലർ പ്രദർശനം കൈരളി തിയറ്റർ ഹാൾ നിറഞ്ഞുകവിഞ്ഞ പ്രൗഢസദസ്സ് സ്വീകരിച്ചത് നിറഞ്ഞ ഹൃദയത്തോടെ.

നൂറ് എപ്പിസോഡുകൾ ഉള്ള പരമ്പരയുടെ വിവിധ എപ്പിസോഡുകളിൽ നിന്നുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ,​ അരമണിക്കൂർ ദൈർഘ്യമുള്ള ട്രെയിലറിൽ സ്വാമി വിവേകാനന്ദൻ മുതൽ മഹാകവി കുമാരനാശാൻ വരെയുള്ള മഹാപുരുഷന്മാർ കഥാപാത്രങ്ങളായി എത്തുന്നതു കണ്ടപ്പോൾ സദസ്സിന് ആവേശം. അരുവിപ്പുറത്ത്,​ നെയ്യാറിലെ കയത്തിൽ നിന്ന് മുങ്ങിയെടുത്ത കല്ല്,​ ശിവലിംഗ സങ്കല്പത്തിൽ ഗുരു പ്രതിഷ്ഠിക്കുന്നതിന്റെ ദൃശ്യങ്ങൾ തെളിഞ്ഞപ്പോൾ ആ ചരിത്രനിമിഷത്തിനു സാക്ഷ്യം വഹിക്കാനായതിനു സമാനമായ ആശ്ചര്യം.

ട്രെയിലർ പ്രദ‌ർശനത്തിന് മുഖ്യാതിഥിയായി എത്തിയ മുഖ്യമന്ത്രിക്ക് കേരളകൗമുദിയുടെ ഉപഹാരം ചീഫ് എഡിറ്റർ ദീപു രവി സമ്മാനിച്ചു. 'മഹാഗുരു'വിന്റെ നിർമ്മാണച്ചുമതല വഹിക്കുന്ന കേരളകൗമുദി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവിക്ക് മുഖ്യമന്ത്രി ഉപഹാരം നൽകി. പരമ്പരയുടെ സംവിധായകനായ കൗമുദി ടിവി പ്രോഗ്രാംസ് ചീഫ് ഡോ. മഹേഷ് കിടങ്ങിൽ, തിരക്കഥാകൃത്ത്‌ കേരളകൗമുദി സ്പെഷ്യൽ പ്രോജക്ട്സ് എഡിറ്റർ മഞ്ചു വെള്ളായണി എന്നിവരും മുഖ്യമന്ത്രിയിൽ നിന്ന് ഉപഹാരം സ്വീകരിച്ചു.

ശ്രീനാരയണഗുരുവായി വേഷമിട്ട എസ്.ജയൻദാസ്, ബാല്യകാലം അവതരിപ്പിക്കുന്ന ലസ്ബിൻ, പരമ്പരയിലെ അഭിനേതാക്കളായ ദിനേശ് പണിക്കർ, കലാധരൻ, രാജേഷ് ഹെബ്ബാർ തുടങ്ങിയവരും പ്രദർശനം കാണാനെത്തിയിരുന്നു.

ഗുരുവിന്റെ ജനനം, ബാല്യം, കൗമാരം, വാരണപ്പള്ളിയിലെ വിദ്യാഭ്യാസം, വിവാഹം, മരുത്വാമലയിലെ തപസ്സ്, ശിവഗിരി ശാരദാപ്രതിഷ്ഠ, മറ്റു ക്ഷേത്ര പ്രതിഷ്ഠകൾ എന്നിവ പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോർ, തൈക്കാട് അയ്യാഗുരു, ചട്ടമ്പി സ്വാമികൾ, മഹാത്മാ അയ്യങ്കാളി, ഡോ. പല്പു, വെളുത്തേരി, പെരുന്നല്ലി, മൂലൂർ, സഹോദരൻ അയ്യപ്പൻ, ടി.കെ. മാധവൻ, സി.വി. കുഞ്ഞുരാമൻ, ശിവലിംഗദാസ സ്വാമി, ഭൈരവൻ ശാന്തി തുടങ്ങി നൂറുകണക്കിനു ചരിത്രനായകർ കഥാപാത്രങ്ങളായി എത്തുന്ന പരമ്പരയിൽ ഗുരുവുമായി ബന്ധപ്പെട്ട അദ്ഭുത കഥകൾ, നർമ്മ കഥകൾ, കാരുണ്യ കഥകൾ എന്നിവയുമുണ്ടാകും.