തൃശൂർ: മാതാ അമൃതാനന്ദമയിയെ അധിക്ഷേപിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ പരാമർശം നടത്തിയ കോടിയേരിയോട് വിശദീകരണം ആവശ്യപ്പെടാൻ ദേശീയ വനിതാ കമ്മിഷൻ ഉൾപ്പെടെയുള്ളവർ തയ്യാറാവണം. പ്രസ്താവന പിൻവലിച്ച് കോടിയേരി മാപ്പു പറയണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ രണ്ട്, മൂന്ന് സ്ട്രീമുകളിലെ സംവരണം ഒഴിവാക്കിയ എൽ.ഡി.എഫ് സർക്കാർ പിന്നാക്ക വർഗക്കാരെ അവഗണിക്കുകയാണ് ചെയ്തത്. പിന്നാക്കക്കാരുടെ ഭരണഘടനാപരമായ അവകാശം ഇല്ലാതാക്കിയ മുഖ്യമന്ത്രിക്ക് നവോത്ഥാനത്തെക്കുറിച്ച് പറയാൻ അവകാശമില്ല. സംസ്ഥാനത്തെ നിയമവകുപ്പ് സെക്രട്ടറി പിന്നാക്കക്കാർക്ക് സംവരണം ഉറപ്പാക്കണമെന്ന് ശുപാർശ ചെയ്തിട്ടും സർക്കാർ നോമിനിയായ അഡ്വക്കേറ്റ് ജനറൽ തള്ളി. കെ.എ.എസ് സംവരണത്തിൽ പുനഃപരിശോധന നടത്താൻ ഇടത് സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
പട്ടികജാതി- വർഗ വിഭാഗക്കാരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി അനുവദിക്കപ്പെട്ട ഫണ്ടിന്റെ 20 ശതമാനം പ്രളയത്തിന്റെ പേര് പറഞ്ഞ് വെട്ടിക്കുറച്ചത് മുൻകാലങ്ങളിൽ കേട്ടുകേൾവിയില്ലാത്തതാണെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. കെ.പി.സി.സി സെക്രട്ടറി ജെയ്‌സൺ ജോസഫ്, ഡി.സി.സി പ്രസിഡന്റ് ടി.എൻ. പ്രതാപൻ, വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.