തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം അന്തിമഘട്ടത്തി
ൽ. ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ നിഗമനം. അപകടസമയത്തു കൂടെയുണ്ടായിരുന്ന ഡ്രൈവർ അർജുൻ രണ്ടുകേസുകളിൽ പ്രതിയാണെന്നും പൊലീസ് കണ്ടെത്തി. ഒറ്റപ്പാലം, ചെറുതുരുത്തി എന്നിവിടങ്ങളിലായി രണ്ടു കേസുകളിലെ പ്രതിയാണ് അർജുൻ. എ.ടി.എം മോഷണം നടത്തിയ രണ്ടു സംഘങ്ങൾക്കൊപ്പം ഡ്രൈവറായി പോയെന്നാണു കേസ്.
എന്നാൽ പൊലീസിന്റെ വാദം ശരിയല്ലെന്ന് ബാലഭാസ്കറിന്റെ അച്ഛൻ ഉണ്ണി പറഞ്ഞു.
മരണത്തിൽ ദുരൂഹയുണ്ടെന്ന പരാതിയിൽ ഉറച്ച് നിൽക്കുകയാണെന്നും ബാലഭാസ്കറിന്റെ അച്ഛൻ പറഞ്ഞു. പൊലീസ് പറയുന്ന എട്ട് ലക്ഷം രൂപയുടെ ഇടപാട് മാത്രമല്ല ഉള്ളതെന്ന് ബാലഭാസ്കർ തന്നെ പറഞ്ഞിട്ടുണ്ടെന്ന് അച്ഛൻ വെളിപ്പെടുത്തി.
ഡ്രൈവർ അർജുൻ കൂടുതൽ കേസുകളിൽ പ്രതിയാണ്. ക്രിമിനൽ പശ്ചാത്തലമുള്ളയാളെ തന്നെ ബാലുവിനൊപ്പം വിട്ടു. കരുതികൂട്ടി നടത്തിയ അപകടമെന്ന് ഒറ്റനോട്ടത്തിൽ തന്നെ അറിയാമെന്നും അച്ഛൻ പറയുന്നു .ഉന്നത തലത്തിലുള്ള അന്വേഷണം ഡി.ജി.പിയോട് ആവശ്യപ്പെട്ട് കഴിഞ്ഞു. അന്വേഷണ പുരോഗതി അപ്പപ്പോൾ അറിയിക്കാമെന്ന് ഡി.ജി.പി ഉറപ്പ് തന്നിരുന്നുവെങ്കിലും ഒന്നും അറിയിക്കുന്നില്ലെന്നും ഉണ്ണി ആരോപിച്ചു.
ബാലഭാസ്കറിന്റെ മരണത്തിലും സാമ്പത്തിക ഇടപാടുകളിലും ദുരൂഹത ആരോപിച്ചു പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
അതേസമയം അർജുനാണോ ബാലഭാസ്കറാണോ അപകടസമയത്തു വാഹനം ഓടിച്ചതെന്ന കാര്യത്തിൽ സംശയം തുടരുന്നു. ബാലഭാസ്കറാണ് ഓടിച്ചതെന്ന് അർജുനും അർജുനാണു ഡ്രൈവ് ചെയ്തതെന്നു ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും മൊഴി നൽകിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ദ്ധരുടെ റിപ്പോർട്ട് കൂടി പരിഗണിച്ച് ഇക്കാര്യത്തിൽ അന്തിമതീരുമാനത്തിലെത്തും.