kamala-haris

വാഷിംഗ്ടൺ: ഡോണാൾഡ് ട്രംപിന് പ്രസിഡന്റ് പദവിയിൽ രണ്ടാമതൊരവസരം കൊടുക്കാതെ തറപറ്റിക്കാൻ കച്ചമുറുക്കി യു.എസ് സെനറ്റിലെ ഇന്ത്യൻ വംശജയും ഡെമോക്രാറ്റിക് നേതാവുമായ കമല ഹാരിസ് യുദ്ധപ്രഖ്യാപനം നടത്തി. 2020 ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് കമല അറിയിച്ചു .വൈറ്റ് ഹൗസിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണവും അവർ ആരംഭിച്ചു. ഇന്നലെ രാവിലെ എ.ബി.സി ചാനലിലെ ഗുഡ് മോണിംഗ് അമേരിക്ക എന്ന പരിപാടിയിലൂടെയാണ് കമല തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്.

നല്ല നാളേക്കായി ഒരുമിച്ച് മുന്നേറാമെന്നും നമ്മുടെ കുട്ടികളുടെയും രാജ്യത്തിന്റെയും ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു.

ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി മത്സരിച്ച് സെനറ്റിലെത്തിയ ആദ്യ ഇന്ത്യൻ വംശജയാണിവർ. 2020 ഫെബ്രുവരി മൂന്നിന്‌ അയോവ കോക്കസിലൂടെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തുടക്കമാകുന്നത്. കാലിഫോർണിയയിലെ ഓക്‌ലൻഡിൽ ജനിച്ച കമലയുടെ പിതാവ് ഡൊണാൾഡ് ഹാരിസ് ജമൈക്കക്കാരനും അമ്മ ശ്യാമള ഗോപാലൻ ഇന്ത്യക്കാരിയുമാണ്.

മുൻ പ്രസിഡന്റ് ബറാക് ഒബാമ കഴിഞ്ഞാൽ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന കറുത്തവർഗക്കാരിൽനിന്നുള്ള ആറാമത്തെയാളും, 20 വർഷത്തിനുശേഷം സെനറ്റിലെത്തുന്ന കറുത്തവർഗക്കാരിയുമാണ് 54കാരിയായ കമല. 2020 ൽ റിപ്പബ്ലിക്കൻ പക്ഷത്തു നിന്നും വീണ്ടും മത്സരരംഗത്തുണ്ടാകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിക്കഴിഞ്ഞു.