gulf-news-

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ ഒരു വർഷത്തിനകം 7143 സ്ഥാപനങ്ങൾ തൊഴിൽ വിപണി വിട്ടതായി റിപ്പോർട്ട്. 2017- 2018ലെ കണക്കനുസരിച്ചാണ് ഇത്രയും സ്ഥാപനങ്ങൾ അടച്ചുപൂട്ടിയത്​. 2017 മൂന്നാം പാദം അവസാനത്തിൽ 4,60,858 സ്വകാര്യ സ്ഥാപങ്ങൾ ഉണ്ടായിരുന്നത് 2018 മൂന്നാം പാദം അവസാനത്തിൽ 4,53,715 സ്ഥാപനങ്ങളായി കുറഞ്ഞിട്ടുണ്ട്. ഇതിൽ ഭൂരിപക്ഷവും ചെറുകിട സ്ഥാപനങ്ങളാണ്. ശരാശരി ദിവസവും 20 ചെറുകിട സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നുണ്ടെന്നാണ് കണക്ക്.


ജനറൽ ഓർഗനൈസേഷൻ ഓഫ് സോഷ്യൽ ഇൻഷ്വറൻസിന്റെ കണക്കനുസരിച്ച് രാജ്യത്തെ സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതലുള്ളത് നാലു ജോലിക്കാർ മാത്രമുള്ള വളരെ ചെറിയ സ്ഥാപനങ്ങളാണ്. ഇത്തരം 2,29,361 സ്ഥാപനങ്ങളാണ് ഉള്ളത്. തൊട്ടടുത്തുള്ളത് ഒമ്പത് ജോലിക്കാർ വരെയുള്ള 90,460 സ്ഥാപനങ്ങളാണ്. ചെറുകിട സ്ഥാപനങ്ങളെ ബാധിക്കുന്ന പലവിധ പ്രതിസന്ധികളാണ് ഇത്രയധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ.