china

ബെയ്‌ജിംഗ്: അമേരിക്കയുമായി നിലനിൽക്കുന്ന വ്യാപാരപ്പോര് ചൈനയുടെ മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി) വളർച്ചയെ 2018ൽ 28 വർഷത്തെ താഴ്‌ചയിലേക്ക് വീഴ്‌ത്തി. 6.5 ശതമാനം വളർച്ച പ്രതീക്ഷിച്ചിടത്ത് 6.4 ശതമാനം മാത്രം വളരാനാണ് കഴിഞ്ഞവർഷം ചൈനയ്ക്ക് കഴിഞ്ഞത്. 1990ന് ശേഷം ചൈന കുറിക്കുന്ന ഏറ്റവും മോശം വളർച്ചയാണിത്. 2017ൽ വളർച്ച 6.8 ശതമാനമായിരുന്നു.

വ്യാപാരത്തർക്കത്തെ തുടർന്ന്, ചൈനീസ് ഉത്‌പന്നങ്ങൾക്ക് അമേരിക്ക അധിക നികുതി ഏർപ്പെടുത്തിയത് കയറ്റുമതിയെ ബാധിച്ചതാണ് കഴിഞ്ഞവർഷം തിരിച്ചടിയായത്. 2018ലെ അവസാന പാദമായ ഒക്‌ടോബർ-ഡിസംബറിൽ ജി.ഡി.പി വളർച്ച 6.4 ശതമാനമാണ്. മുൻവർഷത്തെ സമാനപാദത്തിൽ വളർച്ച 6.5 ശതമാനമായിരുന്നു. ലോകത്തെ ഏറ്റവും വലിയ സമ്പദ് ശക്തികളിലൊന്നായ ചൈനയുടെ വളർച്ച, ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ചൈനയിലെ വില്‌പനത്തളർച്ച മൂലം ആപ്പിളിന്റെ വരുമാനവും കുത്തനെ ഇടിഞ്ഞിരുന്നു.

അതേസമയം, ഡിസംബറിൽ ചൈനയുടെ വ്യാവസായിക ഉത്‌പാദനം 5.3 ശതമാനത്തിൽ നിന്ന് 5.7 ശതമാനത്തിലേക്ക് ഉയർന്നത് ബിസിനസ് ലോകത്തിന് നേരിയ ആശ്വാസമായിട്ടുണ്ട്. റീട്ടെയിൽ വില്‌പന വളർച്ച നവംബറിലെ 8.1 ശതമാനത്തിൽ നിന്ന് 8.2 ശതമാനത്തിലേക്കും ഉയർന്നു.