മുംബയ്: പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ ഇക്കഴിഞ്ഞ ഒക്‌ടോബർ-ഡിസംബർ പാദത്തിൽ 153.2 കോടി രൂപയുടെ ലാഭം സ്വന്തമാക്കി. തൊട്ടു മുൻവർഷത്തെ സമാനപാദത്തിൽ 124.98 കോടി രൂപയുടെ നഷ്‌ടമാണ് ബാങ്ക് രേഖപ്പെടുത്തിയിരുന്നത്. പ്രവർത്തനേതര വരുമാന വർദ്ധന, കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പ് തുകയിലെ (പ്രൊവിഷനിംഗ്) കുറവ് എന്നിവയാണ് കഴിഞ്ഞപാദത്തിൽ ബാങ്കിന് നേട്ടമായത്.
25.4 ശതമാനം വർദ്ധിച്ച് 1,095 കോടി രൂപയാണ് പ്രവർത്തനേതര വരുമാനം. മൂന്നാംപാദത്തിൽ ഇത് 873 കോടി രൂപയായിരുന്നു. 15.74 ശതമാനത്തിൽ നിന്ന് 15.66 ശതമാനമായാണ് മൊത്തം നിഷ്‌ക്രിയ ആസ്‌തി താഴ്‌ന്നത്. അറ്റ നിഷ്‌ക്രിയ ആസ്‌തി 8.42 ശതമാനത്തിൽ നിന്ന് 8.27 ശതമാനത്തിലേക്കും കുറഞ്ഞു.