വഡോദര: വാഹനാപകടത്തിൽ പരുക്കേറ്റ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജേക്കബ് മാർട്ടിന്റെ നില ഗുരുതരമായി തുടരുന്നു. 1999 മുതല്‍ രണ്ടു വർഷം ഇന്ത്യയ്ക്കായി കളിച്ച ജേക്കബ് മാർട്ടിന് ഡിസംബര്‍ 28-നാണ് വാഹനാപകടത്തിൽ പരിക്കേറ്റത്. വഡോദരയിലെ ആശുപത്രിയിൽ വെന്റിലേറ്ററിലാണ് .
ശ്വാസകോശത്തിനും കരളിനും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല.
ചികിത്സയ്ക്കായി കുടുംബം സാമ്പത്തിക സഹായം തേടിയതോടെ സുഹൃത്തുക്കളും ക്രിക്കറ്റ് പ്രേമികളുമെല്ലാം ധനസമാഹരണത്തിനായി രംഗത്തുണ്ട്.
ചികിത്സാ ചെലവ് താങ്ങാൻ കഴിയാതെ ഭാര്യ സാമ്പത്തിക സഹായം അഭ്യർത്ഥിച്ചിരുന്നു. അടിയന്തിര ധനസഹായമായി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അഞ്ചു ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ബറോഡ ക്രിക്കറ്റ് അസോസിയേഷൻ മൂന്നു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
ആശുപത്രി ചിലവ് ഇതിനോടകം 11 ലക്ഷം കവിഞ്ഞിട്ടുണ്ട്. ഒരു ഘട്ടത്തിൽ പണമില്ലാത്തതിനെ തുടർന്ന് ആശുപത്രി ചികിത്സ നിർത്തി വച്ചിരുന്നു. ബി.സി.സി.ഐയുടെ ഇടപെടലിനു ശേഷമാണ് ചികിത്സ പുനരാരംഭിച്ചത്.
1999 സെപ്റ്റംബറിനും 2001 ഒക്ടോബറിനും ഇടയ്ക്ക് 10 ഏകദിനങ്ങൾ കളിച്ച താരമാണ് ജേക്കബ്.
ആഭ്യന്തര മത്സരങ്ങളിൽ റെയിൽവേസിനും ബറോഡയ്ക്കും വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. ബറോഡയെ ആദ്യ രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിച്ചതും ജേക്കബ് മാർട്ടിനായിരുന്നു. 2000-2001 സീസണിൽ റെയിൽവേസിനെ തോല്‍പ്പിച്ചായിരുന്നു കിരീട നേട്ടം.