ന്യൂഡൽഹി : പശ്ചിമ ബംഗാളിലെ റാലിയിൽ പങ്കെടുക്കാനെത്തുന്ന ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ എത്തുന്ന ഹെലികോപ്ടർ സ്വകാര്യ ഹെലിപ്പാഡിൽ ഇറങ്ങും. ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള മാൾഡയിലെ ഹെലിപ്പാഡിൽ ഇറങ്ങാൻ നേരത്തെ അനുമതി നിൽേധിച്ചതിനെത്തുടർന്നാണ് പുതിയ നീക്കം. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഹെലികോപ്ടർ മാൾഡയിൽ ഇറക്കാനാവില്ലെന്നായിരുന്നു അധികൃതർ അറിയിച്ചത്. തുടർന്ന് ബി.ജെ.പിയും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും പരസ്പര ആരോപണങ്ങളുമായി രംഗത്തെത്തി.
അമിത് ഷായുടെ ഹെലികോപ്റ്ററിന് മാള്‍ഡിയില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചതിന് പിന്നാലെ സർക്കാരിന്‍റെ ഹെലികോപ്റ്ററുകൾ ഇവിടെ ഇറങ്ങുന്നുണ്ടെന്ന് കേന്ദ്രമന്ത്രി രവിശങ്കർപ്രസാദ് വിമർശനമുയർത്തിയിരുന്നു. ചില സുരക്ഷാ കാരണങ്ങളാലാണ് മാൽഡാ വിമാനത്താവളത്തിൽ ഹെലിക്കോപ്‌ടർ ഇറക്കരുതെന്ന് പൊലീസ് നിർദ്ദേശിച്ചതെന്ന് മമത പറഞ്ഞു. മുഖ്യന്ത്രിയായിരുന്നിട്ട് പോലും തന്റെ ഹെലിക്കോപ്ടർ വേറൊരു സ്ഥലത്ത് ഇറക്കാനാണ് പൊലീസ് അനുമതി നൽകിയതെന്നും അവർ വിശദീകരിച്ചിരുന്നു. തുടർന്നാണ് സ്വകാര്യ ഹെലിപാഡ് ഉപയോഗിക്കാൻ ബി. ജെ.പി തീരുമാനിച്ചത്.
മമതാ ബാനർജിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിപക്ഷ ഐക്യറാലി വിജയമായതിനു പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അമിത് ഷായേയും പങ്കെടുപ്പിച്ചു കൊണ്ട് റാലി സംഘടിപ്പിക്കാൻ ബി.ജെ.പി തീരുമാനിച്ചത്. കഴിഞ്ഞ മാസം ബംഗാളിൽ ബി.ജെ.പി നടത്താനിരുന്ന രഥയാത്രയ്ക്ക് മമത സർക്കാർ അനുമതി നിഷേധിച്ചിരുന്നു.