ന്യൂഡൽഹി: ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാന് പാകിസ്ഥാനിലെ കറാച്ചി മാർക്കറ്റിൽ എന്താണ് കാര്യം എന്ന് കണ്ട് സോഷ്യൽ മീഡിയ അതിശയിച്ചുപോയി. എന്നാൽ ഒരുതവണ കൂടി വീഡിയോ കണ്ടവർക്ക് കാര്യം പിടികിട്ടി. അത് സൂപ്പർതാരമല്ല. സൽമാൻ ഖാന്റെ രൂപസാദൃശ്യമുള്ള ആളുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
സൽമാൻ ഖാന്റെ ശരീരഘടനയും ലുക്കുമാണ് വീഡിയോയിലെ വ്യക്തിക്കുള്ളത്. വീഡിയോ കണ്ട പലരും സൽമാൻ ഖാനെ ടാഗ് ചെയ്താണ് ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോക്കുറിച്ച് സൽമാൻ പ്രതികരിക്കണം എന്നാണ് ആരാധകരുടെ ആവശ്യം.
കറാച്ചിയിലെ മാർക്കറ്റിൽവച്ചാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ടിക് ടോക് വഴിയാണ് ആദ്യം വീഡിയോ ഷെയർ ചെയ്യപ്പെട്ടത്. പിന്നീട് സോഷ്യൽ മീഡിയ വഴി വൈറലാവുകയായിരുന്നു. 14 സെക്കന്റ് ദൈർഘ്യമുള്ളതാണ് വീഡിയോ.
അതേസമയം, ബോളിവുഡിന്റെ മസിൽമാൻ ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. മുംബയിൽ തന്റെ പുതിയ ചിത്രമായ ഭാരതിന്റെ ഷൂട്ടിംഗ് തിരക്കിലാണ് സൽമാൻ.