anna-hazare-

ന്യൂഡൽഹി: നരേന്ദ്ര മോദിക്കും ബിജെപി സർക്കാരിനുമെതിരെ സമര പ്രഖ്യാപനവുമായി അണ്ണാ ഹസാരെ. ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ജനുവരി 30 മുതൽ മരണം വരെ നിരാഹാര സമരം നടത്തുമെന്ന് അണ്ണ ഹസാരെ പ്രഖ്യാപിച്ചത്.

കർഷകരുടെ കടം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴി എഴുതിത്തള്ളണമെന്നതടക്കമുള്ള ആവശ്യങ്ങളാണു ഹസാരെ, ഉന്നയിക്കുന്നത്. ലോക്പാൽ, ലോകായുക്ത എന്നീ ആവശ്യങ്ങളും ആവർത്തിച്ചു. അഴിമതി വിരുദ്ധ ഓംബുഡ്സ്മാൻ രൂപീകരിക്കുമെന്ന ഉറപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലംഘിച്ചു. ലോക്പാൽ രൂപീകരിച്ചിരുന്നെങ്കിൽ, റഫാൽ അഴിമതി തന്നെ ഉണ്ടാവില്ലായിരുന്നുവെന്ന് ഹസാരെ പറഞ്ഞു.

മോദി പ്രഭാവത്തിനൊപ്പം 2014ലെ തിരഞ്ഞെടുപ്പിൽ, കോൺഗ്രസിനെതിരായി രാജ്യം വിധിയെഴുതിയതിൽ ഹസാരെയുടെ സമരങ്ങൾക്കും വലിയ പങ്കുണ്ടായിരുന്നു. 2011 ലെ കോൺഗ്രസ് വിരുദ്ധ സമരത്തിൽ ബി.ജെ.പിയും ആർ.എസ്.എസുമാണ് പ്രധാനമായും ഹസാരെയെ പിന്തുണച്ചത്.

എന്നാൽ താൻ രാഷ്ട്രീയത്തിലേക്കില്ലെന്നു ഹസാരെ ഇന്നും ആവർത്തിച്ചു.