തിരുവനന്തപുരം : നഗരവാസികൾക്ക് നിലവാരമുള്ള മരുന്നുകൾ ന്യായവിലയ്ക്ക് ലഭ്യമാക്കാൻ നഗരസഭ തുടക്കമിട്ട അനന്തപുരി മെഡിക്കൽസിന് ട്രിഡയുടെ പാര. 20 ലക്ഷം രൂപയുടെ പദ്ധതി പാതി വഴിയിൽ നിലച്ചു. മെഡിക്കൽ സ്റ്റോറിന്റെ പണികൾ പൂർത്തിയായി അഞ്ചു മാസം കഴിഞ്ഞിട്ടും വൈദ്യുതി ലഭ്യമാകാത്തതാണ് പ്രശ്നം.
സാഫല്യം കോംപ്ലക്സിലെ താഴത്തെ നിലയിലെ 350 സ്ക്വയർ ഫീറ്റ് മുറിയിലാണ് മെഡിക്കൽസ് ആരംഭിക്കുന്നത്. എന്നാൽ മുറിയുടെ അറ്റകുറ്റപ്പണി കുടിശിക നഗരസഭ നൽകാനുണ്ടെന്ന് ചൂണ്ടിക്കാട്ടി സാഫല്യം കോംപ്ലക്സിന്റെ ഉടമസ്ഥാവകാശമുള്ള ട്രിഡ പാര വച്ചു. കുടിശിക തുകയായ 2.84 ലക്ഷം അടയ്ക്കാതെ വൈദ്യുതി കണക്ഷൻ ലഭിക്കാനുള്ള എൻ.ഒ.സി നൽകില്ലെന്ന നിലപാടിലാണ് ട്രിഡ. കെ.എസ്.ഇ.ബിയിൽ നിന്നു കൺസ്യൂമർ നമ്പർ ലഭിക്കാതെ ഡ്രഗ് ലൈസൻസിന് അപേക്ഷിക്കാൻ കഴിയില്ല. അഞ്ചുമാസത്തിന് മുമ്പേ മെഡിക്കൽ സ്റ്റോറിന് വേണ്ട അടിസ്ഥാന സൗകര്യമൊരുക്കി, ഒരു ഫാർമസിസ്റ്റിനെയും ഫീമെയിൽ അറ്റൻഡറയും നിയമിച്ചെങ്കിലും വൈദ്യുതി ലഭിക്കാത്തതിനാൽ മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടില്ല. മെഡിക്കൽ കോളേജിലെ ഇൻഹൗസ് ഡ്രഗ് ബാങ്കിൽ നിന്ന് മരുന്ന് വാങ്ങാനുള്ള തുകയും നഗരസഭ നൽകി കഴിഞ്ഞു. നഗരസഭ ഹെൽത്ത് ഓഫീസർ ശശികുമാറിനാണ് പദ്ധതിയുടെ നിർവഹണ ചുമതല. സാഫല്യം കോംപ്ലക്സിൽ ആദ്യ മെഡിക്കൽ സ്റ്റോർ തുറന്ന ശേഷം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പദ്ധതി വ്യാപിപ്പിക്കാനും നഗരസഭ ലക്ഷ്യമിട്ടിരുന്നു. ഇതിനായി 2 കോടി കഴിഞ്ഞ ബഡ്ജറ്റിൽ നീക്കിവച്ചിരുന്നു. എന്നാൽ ആദ്യ സ്റ്റോർ പോലും തുറക്കാൻ കഴിയാത്ത സ്ഥിതയാണ്. ട്രിഡയുടെ എൻ.ഒ.സി ലഭിച്ചാൽ ഉടൻ കെ.എസ്.ഇ.ബിയിൽ നിന്നു കൺസ്യൂമർ നമ്പർ ലഭിക്കും. തുടർന്ന് ഡ്രഗ് ലൈസൻസിന് അപേക്ഷിക്കാം. 20 ദിവസത്തിനുള്ളിൽ ലൈസൻസ് ലഭിക്കുമെന്ന് നഗരസഭാ അധികൃതർ പറയുന്നു. എന്നാൽ ഇനിയും നീണ്ടുപോയാൽ പദ്ധതി അവതാളത്തിലാകും.
ഇതുവരെ ചെലവഴിച്ചത് 16.5 ലക്ഷം
കെട്ടിടം മോടിപിടിപ്പിക്കാൻ 10 ലക്ഷം
മരുന്നുവാങ്ങാൻ 6.5 ലക്ഷം
ട്രിഡ നൽകാനുള്ളത് 3 കോടി
സാഫല്യം കോംപ്ലക്സിലെ നഗരസഭയുടെ കെട്ടിടത്തിന്റെ അറ്രകുറ്റപ്പണിയുടെ കുടിശികയായ 2.84 ലക്ഷം അടയ്ക്കാത്തതിനാലാണ് ട്രിഡ വൈദ്യുതി ലഭിക്കുന്നതിനുള്ള എൻ.ഒ.സി ലഭ്യമാക്കാത്തത്. എന്നാൽ സാഫല്യം കോംപ്ലക്സിന്റെ വസ്തു നികുതി ഇനത്തിൽ ട്രിഡ നഗരസഭയ്ക്ക് 3 കോടിയോളം കുടിശിക നൽകാനുണ്ട്. ആദ്യം നഗരസഭയുടെ കുടിശിക ലഭിക്കണമെന്ന നിലപാടിലാണ് ട്രിഡ ഉദ്യോഗസ്ഥർ.
രോഗികൾക്ക് ആശ്വാസമേകും
അനന്തപുരി മെഡിക്കൽസിന്റെ വരവ് നഗരത്തിലെ രോഗികൾക്ക് ആശ്വാസമേകും. മറ്റു മെഡിക്കൽ സ്റ്റോറുകളെക്കാൾ കുറഞ്ഞ നിരക്കിലാണ് ഇവിടെ മരുന്ന് ലഭ്യമാകുക. ആദ്യഘട്ടത്തിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാകും പ്രവർത്തനം. ദിവസേന നിരവധി രോഗികളെത്തുന്ന മെഡിക്കൽകോളേജ്, റീജിയണൽ കാൻസർ സെന്റർ, മറ്റ് പ്രധാന ചികിത്സാകേന്ദ്രങ്ങളായ ജനറൽ ആശുപത്രി, തൈക്കാട്, ഫോർട്ട് എന്നിവിടങ്ങളിൽ നിന്നു രോഗികൾക്ക് എത്താനുള്ള സൗകര്യം കണക്കിലെടുത്താണ് പാളയത്ത് മെഡിക്കൽസ് ആരംഭിക്കാൻ തീരുമാനിച്ചത്.
' നിയമപരമായി കുടിശിക അടയ്ക്കാതെ എൻ.ഒ.സി നൽകാൻ കഴിയില്ല. പക്ഷേ മെഡിക്കൽ സ്റ്റോർ ആയതിനാൽ പ്രത്യേക പരിഗണന നൽകി എൻ.ഒ.സി നൽകുന്ന കാര്യം പരിശോധിക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്'.
- സി. ജയൻ ബാബു, ട്രിഡ ചെയർമാൻ