തിരുവനന്തപുരം: സംസ്ഥാന ജലപാത കടന്നു പോകുന്ന കോവളം മുതൽ ആക്കുളം വരെയുള്ള ആറിന്റെ ഇരുകരകളിലുമായി ചെറുതും വലുതുമായ ആയിരത്തോളം അനധികൃത നിർമ്മാണങ്ങളുള്ളതായി റവന്യൂ വകുപ്പ് കണ്ടെത്തി. ഇതിൽ 900 എണ്ണം വീടുകളാണ്. അടുത്ത വർഷം ഇവ ഒഴിപ്പിക്കാനുള്ള നടപടി ആരംഭിക്കും. ആറിനോടു ചേർന്ന് വീട് നിർമ്മിച്ചവരിൽ അർഹരായവർക്ക് ലൈഫ് മിഷൻ പ്രകാരം വീടുകൾ നിർമ്മിച്ചു നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനായി സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ ആരംഭിക്കേണ്ടതുണ്ട്.
കഴിഞ്ഞ 15 വർഷത്തിനിടയിലാണ് ആറിന്റെ തീരങ്ങളിൽ അനധികൃത നിർമ്മാണങ്ങൾ കൂടിയത്. പ്രദേശത്തെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെ പിൻബലവും, അധികാരികളുടെ മൗനാനുവാദവുമാണ് നിർമ്മാണ പ്രവർത്തനങ്ങൾ കൂടാൻ കാരണം. അതേസമയം, വീട് നിർമ്മിക്കാൻ മറ്റൊരു പോംവഴിയുമില്ലാതെ ആറിന്റെ തീരം തിരഞ്ഞെടുത്ത പാവങ്ങളും കൂട്ടത്തിലുണ്ട്.
പാർവതി പുത്തനാറിന്റെ ഇരുകരകളിലുമുള്ള 900 വീടുകളിൽ 680 വീടുകൾ ആറിലേക്ക് കക്കൂസ് മാലിന്യമൊഴുക്കുന്നതായും സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. ആറിലേക്ക് വിസർജ്ജ്യങ്ങളൊഴുക്കുന്നത് തടയാനായി ഈ വീട്ടുകാർക്ക് സെപ്ടിക് ടാങ്കുകൾ സ്ഥാപിച്ചുകൊടുക്കും. നാലു കുടുംബങ്ങൾക്ക് ഒരു ടാങ്ക് എന്ന കണക്കിലാണ് തീരുമാനിച്ചിരിക്കുന്നത്. ശുചിത്വ മിഷനുമായി ചേർന്ന് നഗരസഭയുടെ പങ്കാളിത്തത്തോടെയാവും പൂർത്തീകരിക്കുക. 1.5 കോടിയാണ് പദ്ധതിക്കായി നീക്കിവച്ചിട്ടുള്ളത്.
വിനോദ സഞ്ചാര വികസനവും കാർഗോ നീക്കവും ഭാവിയിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും പരിഗണിച്ച് കോവളം മുതൽ ആക്കുളം വരെ അഞ്ചു പ്രധാന പോയിന്റുകളിൽ ബോട്ടുജെട്ടികൾ നിർമ്മിക്കുന്നതിന് പദ്ധതി തയ്യാറായിട്ടുണ്ട്. 7.45 കോടി രൂപ പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട്.
കോവളം, വള്ളക്കടവ്, ആക്കുളം എന്നിവിടങ്ങളിലാണ് ബോട്ടുജെട്ടി നിർമ്മിക്കാൻ ആദ്യം തീരുമാനിച്ചത്. നാട്പാക് (ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം) രണ്ടാമത് നടത്തിയ പഠനത്തിൽ ടൂറിസം വികസനത്തിന് സാദ്ധ്യതയുള്ള തിരുവല്ലവും ചാക്കയും തിരഞ്ഞെടുത്തു. നാട്പാക്കിന്റെ ഈ നിർദ്ദേശം സർക്കാരും അംഗീകരിച്ചു. തിരുവല്ലത്ത് ബോട്ട് ജെട്ടി നിർമ്മിക്കുന്നതിന് 20 സെന്റ് സ്ഥലം വേണം. റവന്യൂ വകുപ്പിനെ ഇതിനായി ചുമതലപ്പെടുത്തും. ചാക്കയിൽ ബോട്ടുജെട്ടി നിർമ്മിക്കുന്നതിന് സ്ഥലമേറ്റെടുക്കൽ വേണ്ടിവരില്ല. ചാക്കയിൽ ഉൾനാടൻ വകുപ്പിന് ഉണ്ടായിരുന്ന ഓഫീസ് കെട്ടിടം ഇപ്പോൾ ഉപയോഗിക്കുന്നില്ല. ഈ കെട്ടിടത്തെ ബോട്ടുജെട്ടിയും വിശ്രമകേന്ദ്രവുമാക്കി മാറ്റാനാണ് തീരുമാനം.
പാർവതി പുത്തനാറിന്റെ ഇരു തീരങ്ങളിലെയും തകർന്ന ഭാഗങ്ങൾ ബലപ്പെടുത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. തുടർന്ന് തീരത്തെ സൗന്ദര്യവത്കരിക്കും. തീരം ബലപ്പെടുത്തുന്നതിന് 13.3 കോടി രൂപയും സൗന്ദര്യവത്കരണത്തിനായി അഞ്ചുകോടിയുമാണ് വകയിരുത്തിയിട്ടുളളത്.
വരുന്നു മൂന്നു പാലങ്ങൾ
പതിനാറര കിലോമീറ്റർ ദൂരത്തിൽ മൂന്ന് പാലങ്ങളാണ് ജലപാതയുടെ ഭാഗമായി നിർമ്മിക്കുന്നത്. പനത്തുറ, പുത്തൻപാലം, കരിക്കകം എന്നിവിടങ്ങളിലാണ് പാലങ്ങൾ നിർമ്മിക്കുക. 14.7 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിട്ടുള്ളത്. ഇതിൽ പനത്തുറ ഒഴികെയുള്ള രണ്ടിടങ്ങളിൽ പാലം നിർമ്മാണത്തിന് മുന്നോടിയായിട്ടുള്ള മണ്ണുപരിശോധനയും ആഴമളക്കലും പൂർത്തിയായി. ഇതുസംബന്ധിച്ചിട്ടുളള റിപ്പോർട്ട് ഉൾനാടൻ ജലഗതാഗത വകുപ്പ് ചീഫ് എൻജിനിയർക്ക് കൈമാറി.
രണ്ടാംഘട്ട നിർമ്മാണം ഇങ്ങനെ
നെതർലൻഡ്സിൽ നിന്നുമെത്തിച്ച സിൽറ്റ് പുഷറിന്റെ സഹായത്തോട പുത്തനാറിന്റെ രണ്ടാംഘട്ട ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
ആഴംകൂട്ടൽ അടക്കമുളള ശുചീകരണ പ്രവർത്തനങ്ങൾക്കായി രണ്ടുകോടി ചെലവഴിച്ച് ഉപകരണമെത്തിച്ചു.
ശുചീകരണത്തിനായി 55 ലക്ഷം രൂപയും ചെലവഴിച്ചു
ആക്കുളം മുതൽ പനത്തുറ വരെയുളള 13 കിലോമീറ്ററാണ് ഇപ്പോൾ ആഴം കൂട്ടൽ നടത്തി ശുചീകരിക്കുന്നത്. ഇതിനായി 5.8 കോടി രൂപ അനുവദിച്ചു.
പനത്തുറയിൽ നിന്ന് കോവളത്തേക്ക് പോകുന്ന മൂന്നുകിലോമീറ്റർ ഇനിയും ശുചീകരിക്കാനായിട്ടില്ല.
പാലംനിർമ്മാണവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് ശുചീകരണം നടത്താത്തത്.
സോളാർ ബോട്ടുകൾ പായും
സൗരോർജ്ജം ഉപയോഗിച്ച് ഓടുന്ന ബോട്ടുകളാണ് കോവളം ബേക്കൽ ജലപാതയിലുടെ കടന്നുപോകുക. പരമാവധി 25 പേർക്ക് ഇരിക്കാവുന്ന ബോട്ടാണ് സജ്ജമാക്കുകയെന്ന് ഉൾനാടൻ ജലഗതാഗത വകുപ്പ് അധികൃതർ പറഞ്ഞു. ഇതിനായി 1.6 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.