തിരുവനന്തപുരം: ഗിന്നസ് ബുക്കിൽ ഇടം നേടിയ ആറ്റുകാൽ ക്ഷേത്രത്തെയും പരിസരത്തെയും അത്യാധുനിക രീതിയിൽ ടൗൺഷിപ്പാക്കി മാറ്റാൻ പ്രഖ്യാപിച്ച ആറ്റുകാൽ ടൗൺഷിപ്പ് പദ്ധതി നാല് വർഷമായിട്ടും പേപ്പറുകളിൽ ഉറങ്ങുന്നു. ഉദ്ധ്യാനങ്ങളും ഗതാഗത സൗകര്യവും ഷോപ്പിംഗ് കോംപ്ലക്സുകളുമൊക്കെയായി ആറ്റുകാലിന്റെ മുഖച്ഛായ മാറ്റാൻ 2016ൽ വിഭാവനം ചെയ്ത പദ്ധതിയാണ് എവിടെയും എത്താതെ പോയത്.
സർക്കാർ മുന്നോട്ട് വച്ച പദ്ധതിക്ക് ട്രിഡയുടെ നേതൃത്വത്തിൽ സിഡ്കോയാണ് കരട് പദ്ധതി രേഖ തയ്യാറാക്കിയത്. 250 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. രൂപരേഖ സർക്കാരിന് സമർപ്പിക്കുകയും അഡ്വൈസറി കമ്മിറ്റി ഡി.പി.ആർ തയ്യാറാക്കുന്നതിനായി സ്വകാര്യ കൺസൾട്ടൻസിയെ ഏല്പിക്കുകയും ചെയ്തു. ശബരിമലയിൽ ഇടത്താവളങ്ങൾ നിർമ്മിക്കുന്ന ഏജൻസിയെയാണ് ഡി.പി.ആർ തയ്യാറാക്കാൻ നിയോഗിച്ചത്. സർക്കാരിന്റെ ദേവസ്വം സെക്രട്ടറിയെ പദ്ധതിയുടെ സ്പെഷ്യൽ ഓഫീസറായി നിയമിക്കുകയും ചെയ്തു. എന്നാൽ ഏജൻസി കൃത്യസമയത്തിന് ഡി.പി.ആർ സമർപ്പിച്ചില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഉദ്യോഗസ്ഥർ മാറി മാറി വന്നതോടെ പദ്ധതിയുടെ നിലവിലെ അവസ്ഥയെന്താണെന്ന് പോലും അറിയില്ലെന്ന് അധികൃതർ തന്നെ പറയുന്നു.
മൂന്ന് ഘട്ടങ്ങളായി വികസനം
നഗരത്തിലെ 29 വാർഡുകളെ ഉൾപ്പെടുത്തി പ്രദേശത്തെ മൂന്ന് പ്രത്യേക മേഖലകളായി തരംതിരിച്ചുള്ള പദ്ധതി രൂപരേഖയാണ് തയ്യാറാക്കിയത്. ആറ്റുകാൽ ക്ഷേത്രവും ചുറ്റുപാടുമായി ഏകദേശം 50 ഏക്കർ തുറസായ സ്ഥലമാണ് ആദ്യത്തേതിൽ. ആറ്റുകാൽ ക്ഷേത്രപരിസരത്തിന് ചുറ്റുമായി ഏകദേശം 480 ഏക്കർ സ്ഥലമാണ് സമഗ്ര ആസൂത്രിത നഗര പ്രദേശമാക്കി മാറ്റാനുള്ള രണ്ടാം മേഖല.
മൂന്നാം ഘട്ടത്തിൽ പദ്ധതി പ്രദേശത്തെ എല്ലാ വാർഡുകളും ഈ മേഖലയിൽപ്പെടുത്തി. വാർഡ് തലത്തിൽ നടപ്പാക്കാൻ കഴിയുന്നതും നഗര വികസനത്തിൽ പ്രാമുഖ്യവുമുള്ള പ്രധാന വികസന പദ്ധതികൾ നടപ്പിലാക്കാനാണ് ഈ മേഖലയെ ഉൾപ്പെടുത്തിയത്.
ആറ്റുകാൽ വികസന മാതൃക - മാസ്റ്റർ പ്ലാൻ
പൊങ്കാല ഉത്സവകാലഘട്ടത്തിൽ ലക്ഷക്കണക്കിനാളുകളെ ഒരുമിച്ച് ഉൾക്കൊള്ളിക്കാൻ കഴിയുന്ന വിധത്തിൽ പുൽമേടുകളോടുകൂടിയ തുറസായ സ്ഥലം
കലാസാംസ്കാരിക വേദിയും മറുഭാഗത്ത് കിള്ളിയാറിന്റെ തീരങ്ങൾ സാമൂഹിക, വാണിജ്യ, കായിക വിനോദ കേന്ദ്രങ്ങളായും വിഭാവനം ചെയ്ത് ഒരു സമഗ്ര ടൗൺഷിപ്പായി വികസിപ്പിക്കും.
ആധുനിക പാർക്കിംഗ് സൗകര്യങ്ങൾ
മേളകൾ സംഘടിപ്പിക്കാനുള്ള സ്ഥിര സംവിധാനങ്ങൾ, വിശാലമായ തടാകം, ഓഡിറ്റോറിയം, വാണിജ്യ കേന്ദ്രങ്ങൾ.
പ്രാഥമിക ശുശ്രൂഷ, ഫയർ സ്റ്റേഷൻ, ധ്യാന കേന്ദ്രങ്ങൾ, ഫിറ്റ്നസ് കേന്ദ്രങ്ങൾ തുടങ്ങിയവയും കിള്ളിയാറിന്റെ ഇരുകരകളും മോടിപിടിപ്പിച്ച് പ്രകൃതിദത്ത ആവാസ കേന്ദ്രമാക്കി മാറ്റും.
മാലിന്യ പ്രശ്നങ്ങളുടെ പരിഹാരനിർദ്ദേശങ്ങൾ
മണക്കാട് മാർക്കറ്റ്, ശിങ്കാരത്തോപ്പ് കോളനി, ശ്മശാനം, ജംഗ്ഷൻ വികസന പദ്ധതികൾ
കിള്ളിയാറിന്റെ സൗന്ദര്യവത്കരണം, കരിമഠം കോളനിയുടെ സമഗ്ര നവീകരണം എന്നിങ്ങനെ മറ്റ് പദ്ധതികൾ.
ആറ്റുകാൽ വികസന മാതൃകാ പദ്ധതിയിലെ പൊങ്കാല ക്രമീകരണങ്ങൾ
പൊങ്കാലയ്ക്കുള്ള സൗകര്യങ്ങൾ സ്ഥിരമായി ഒരുക്കുകയായിരുന്നു ടൗൺഷിപ്പിന്റെ മറ്റൊരു പ്രത്യേകത. പൊങ്കാല ദിവസം സേവനമേഖലയിലുള്ള പ്രവർത്തകരുടെ താമസം, ഭക്ഷണം, മറ്റു അടിസ്ഥാന സൗകര്യങ്ങൾ, അഗ്നിശമന സേനാവാഹനങ്ങൾ, ആംബുലൻസുകൾ എന്നിവയുടെ സുഗമമായ യാത്രാസൗകര്യം എന്നീ മേഖലകളും നഗരത്തിലെ തുറസായ സ്ഥലങ്ങൾ അനിയന്ത്രിതമായി പൊങ്കാലയ്ക്ക് ഉപയോഗിക്കുന്നത് ആസൂത്രിതമായി സൗകര്യപ്പെടുത്തുമെന്ന നിർദ്ദേശവും മുന്നോട്ടു വച്ചു.
താത്കാലികമായി ശൗചാലയ സൗകര്യങ്ങൾ, കുളിമുറികൾ, രാത്രികാലങ്ങളിൽ ആവശ്യമായ വൈദ്യുതി ദീപങ്ങൾ, പൊങ്കാലയ്ക്ക് ആവശ്യമായ സാധനസാമഗ്രികൾ, കൂടാതെ ശുചീകരണം, പ്രാഥമിക ശുശ്രൂഷ, സുരക്ഷാസംവിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തി. കൂടാതെ പൊങ്കാലയിടുന്ന പ്രാന്തപ്രദേശങ്ങളിൽ നിന്ന് ക്ഷേത്രത്തിലേക്കും തിരിച്ചും ഭക്തജനങ്ങൾക്ക് ഗതാഗതസൗകര്യവും ക്ഷേത്രദർശന സൗകര്യവും ഏർപ്പെടുത്താൻ തീരുമാനിച്ചു. പൊങ്കാല ദിവസത്തെ തിരക്ക് നിയന്ത്രിക്കാനായി ഏതാനും ഗതാഗത ഇടനാഴികൾ ചെറിയതരത്തിലുള്ള വാഹനങ്ങൾക്ക് മാത്രം ഗതാഗതം സാദ്ധ്യമാകുന്നതായിരുന്നു പദ്ധതി. ചാല മാർക്കറ്റിന്റെ നവീകരണം, കിഴക്കേകോട്ടയുടെ സമഗ്രവികസനം, കിള്ളിപ്പാലം നവീകരണം, കരമന മാർക്കറ്റ്, തമ്പാനൂർ, കോട്ടയ്ക്കകം എന്നിങ്ങനെ പ്രധാനപ്പെട്ട മേഖലകളുടെ ആസൂത്രിത വികസനവും ഇതിലുണ്ടായിരുന്നു.
' പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഇതിനുള്ള പണം എവിടെ നിന്ന് വകയിരുത്തുമെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. അതാകും പദ്ധതി പാതിവഴിയിൽ തടസപ്പെട്ടു നിൽക്കാൻ കാരണം'
വി.എസ്. ശിവകുമാർ
എം.എൽ.എ