തിരുവനന്തപുരം: നഗരത്തിൽ കവടിയാർ കൊട്ടാരം സ്ഥിതി ചെയ്യുന്നതിന് സമീപത്തെ സാൽവേഷൻ ആർമിക്ക് എതിർവശത്ത് സ്ഥിതി ചെയ്യുന്ന വാട്ടർ അതോറിട്ടിയുടെ ചരിത്രപ്രാധാന്യമേറിയ കിണറും ടണലും അധികൃതരുടെ അനാസ്ഥ കാരണം നശിക്കുന്നു. 75 വർഷമായി തിരുവനന്തപുരത്ത് വെള്ളമെത്തിക്കുന്ന പൈപ്പ്ലൈൻ കടന്നുപോകുന്ന ടണലാണ് അധികൃതരുടെ നിസംഗ നിലപാട് കാരണം നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്.
2009 ഫെബ്രുവരി 5 മുതൽ 21 വരെ വില്ലിംഗ്ടൺ വാട്ടർ വർക്സിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വെള്ളയമ്പലത്തുള്ള ടണൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിരുന്നു. പെയിന്റ് ചെയ്ത് ലൈറ്റുകൾ സ്ഥാപിച്ച ടണലിലൂടെ കുട്ടികളും സ്ത്രീകളുമടക്കം ആയിരക്കണക്കിന് പേർ കടന്നു പോയിരുന്നു. അത്രയേറെ പ്രാധാന്യമുള്ള ഒരു കിണറും ടണലും സംരക്ഷിക്കാൻ സർക്കാർ നടപടി എടുക്കാത്തതിൽ ആകുലരാണ് വാട്ടർ അതോറിട്ടിയിലെ മുൻ ജീവനക്കാർ. അരുവിക്കര മുതൽ വെള്ളയമ്പലം വരെ 15 കിലോമീറ്റർ ദൂരത്തിൽ സമാന്തര റോഡ് നിർമ്മിച്ച് അതിലൂടെയാണ് ഈ കൂറ്റൻ പൈപ്പ് ലൈൻ പോകുന്നത്. ഈ സമാന്തര റോഡ് ഒരു ഭാഗത്തും ടാർ ചെയ്ത് സഞ്ചാരയോഗ്യമായിട്ടില്ല. വീടുകളിലേക്കും ഉപറോഡുകളിലേക്കും പ്രവേശിക്കുന്നതൊഴിച്ചാൽ വാഹന ഗതാഗതവും അനുവദിച്ചിട്ടില്ല.
1928നും 1933നും ഇടയിൽ നിർമ്മിച്ചതാണ് ടണൽ. പണി തുടരുന്നതിനിടെ 1931ഒക്ടോബർ 4ന് പണിയുടെ ചുമതലയുള്ള ഓഫീസറെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. ഒക്ടോബർ 15ന് വൈകുന്നേരം ചിത്തിര തിരുനാൾ മഹാരാജാവ് കവടിയാർ കൊട്ടാരത്തിൽ നിന്ന് ഡർബാർ ഹാളിലേയ്ക്ക് രാജകീയ സവാരി നടത്തുമെന്നും അതിനു മുമ്പ് പണി പൂർത്തിയാക്കി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നുമായിരുന്നു കൽപന. അന്ന് സാൽവേഷൻ ആർമി ഭാഗത്തുള്ള ടണലിന്റെ നിർമ്മാണം പാതിവഴിയിലായിരുന്നു. അരുവിക്കരയിൽ നിന്ന് വന്ന് കവടിയാറിൽ ഗോൾഫ് ലിങ്ക്റോഡ് തുടങ്ങുന്ന ഭാഗത്ത് നിന്ന് റോഡിനടിയിലൂടെ സാൽവേഷൻ ആർമിക്ക് മുന്നിലൂടെ ദേവസ്വം ബോർഡ് വഴിയാണ് പൈപ്പ് വാട്ടർ വർക്സ് കാമ്പസിൽ എത്തുന്നത്. ഈ പണിയ്ക്കായി അവിടെ മുഴുവൻ കുഴിച്ചിട്ടിരിക്കുകയായിരുന്നു. കൊട്ടാരം കാര്യക്കാർക്ക് പുറമെ പിറ്റേദിവസം ദിവാനും ചീഫ് എൻജിനിയറും ഡിവിഷൻ ഓഫീസറെ (എക്സിക്യൂട്ടീവ് എൻജിനിയർ) ഭക്തി വിലാസം ബംഗ്ലാവിലേക്ക് വിളിച്ചു വരുത്തി 10 ദിവസംകൊണ്ട് ടണൽ പണി പൂർത്തിയാക്കണമെന്ന് ഉത്തരവിട്ടു. അപ്പോൾ തന്നെ ഡിവിഷൻ ഓഫീസർ ബന്ധപ്പെട്ടവരെ വിളിച്ചു. പണി പൂർത്തിയാക്കാൻ 20,000 ഇഷ്ടിക അടിയന്തരമായി വേണമെന്നവർ അറിയിച്ചു. കൊല്ലത്തുള്ള തോമസ് സ്റ്റീഫൻ ആൻഡ് കമ്പനിയും ഹാരിസൺ ആൻഡ് ക്രോസ്ഫീൽഡ് കമ്പനിയുമാണ് ആവശ്യമായ ഇഷ്ടിക നിർമ്മിച്ച് നൽകിയത്.
ചാക്കയിലെ ഇവരുടെ ഗോഡൗണിൽ കനാൽ മാർഗ്ഗമാണ് ഇഷ്ടിക എത്തിച്ചേരുന്നത്. എന്നാൽ കനാലിൽ വെള്ളം തീരെ കുറവായിരുന്നതിനാൽ ജലഗതാഗതം സാദ്ധ്യമായിരുന്നില്ല. അങ്ങനെ ഗോഡൗണിൽ ആവശ്യത്തിന് ഇഷ്ടികയെത്തിക്കാൻ അവർക്ക് കഴിയാതിരുന്നതിനാൽ ഗോഡൗണിൽ ഇഷ്ടികയൊന്നും ഉണ്ടായിരുന്നില്ല. ഉടനേ റെയിൽവേയുമായി ബന്ധപ്പെട്ട് ട്രെയിനിലാണ് ആവശ്യമുളള ഇഷ്ടിക എത്തിച്ചത്. തുടർന്ന് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പണികൾക്കായി റോഡ് റോളറുകൾ മുഴുവൻ കവടിയാറിൽ വരുത്തി. ഇതോടൊപ്പം അവിടെ ജോലി ചെയ്തിമുന്ന മുഴുവൻ തൊഴിലാളികളേയും ഇവിടെ എത്തിച്ചു. അങ്ങനെ 200 തൊഴിലാളികൾ രാപ്പകൽ വ്യത്യാസമില്ലാതെ പണിയെടുത്താണ് 11 മീറ്റർ താഴ്ചയിലാണ് ഇവിടെ പൈപ്പ് സ്ഥാപിച്ച് റോഡ് നല്ല രീതിയിൽ സഞ്ചാരയോഗ്യമാക്കിയത്. ഒക്ടോബർ14 ന് രാത്രിയോടെ പണി പൂർത്തിയാക്കി. 15ന് രാവിലെ കാര്യക്കാരും മറ്റും പരിശോധന നടത്തി തൃപ്തി രേഖപ്പെടുത്തി. വൈകിട്ട് രാജകീയ രഥത്തിൽ മഹാരാജാവ് അതുവഴി ഡർബാർ ഹാളിലേയ്ക്ക് എഴുന്നള്ളുകയും ചെയ്തു.
' ടണലും കിണറും സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കും. സ്ഥലം ഗേറ്റിട്ട് പൂട്ടിയിട്ടുണ്ട്. മാലിന്യങ്ങൾ തള്ളരുതെന്ന് കോർപറേഷനോട് നിർദ്ദേശിച്ചിട്ടുമുണ്ട് '
- എക്സിക്യുട്ടീവ്
എൻജിനീയർ