കഴക്കൂട്ടം: ശുചിത്വമിഷന്റെ നിർദ്ദേശാനുസരണം മാലിന്യ നിർമ്മാർജ്ജനത്തിനായി ശേഖരിച്ച പ്ളാസ്റ്രിക് മാലിന്യം ഏറ്റെടുക്കാൻ ആളില്ലാതെ പഞ്ചായത്തുകളിൽ കെട്ടിക്കിടക്കുന്നു. അണ്ടൂർക്കോണം പഞ്ചായത്തിലെ കടകളിൽ നിന്നും വീടുകളിൽ നിന്നും മാസങ്ങളായി ശേഖരിച്ച പ്ളാസ്റ്റിക് മാലിന്യം ഇപ്പോൾ ഓഫീസിന്റെ മേൽകൂരവരെ നിറഞ്ഞ് കവിഞ്ഞ് കിടക്കുകയാണ്. മാലിന്യം ബ്ളോക്ക് പഞ്ചായത്തിലെത്തിച്ച് ട്രീറ്റ് ചെയ്ത് ടാറിംഗിന് ഉപയോഗിക്കുമെന്നാണ് പറഞ്ഞിരുന്നത്.
എന്നാൽ ഇതുസംബന്ധിച്ച് ഒന്നുമറിയില്ലെന്നാണ് ബ്ളോക്ക് പഞ്ചായത്ത് പറയുന്നത്. ലോഡ് കണക്കിന് മാലിന്യം കെട്ടിക്കിടന്നിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പഞ്ചായത്തിന്റെ പരാതി.മാലിന്യ ശേഖരണത്തിന് പഞ്ചായത്തിൽ 22 പേരുടെ പ്രത്യേക ഹരിതകർമ്മ സേന രൂപീകരിച്ചിരുന്നു. ശുചിത്വമിഷന്റെ നേതൃത്വത്തിൽ ഇവർക്ക് പരിശീലനവും നൽകി. മാലിന്യ ശേഖരിക്കുന്ന ഒരാൾക്ക് 6000രൂപ ഓണറേറിയം നൽകുമെന്ന് ശുചിത്വമിഷൻ പറഞ്ഞെങ്കിലും പിന്നീട് തുച്ഛമായ തുകയാണ് നൽകിയത്. ഇപ്പോഴതും കിട്ടുന്നില്ല.പ്ളാസ്റ്റിക് മാലിന്യം ശേഖരിച്ചിരുന്നതിന് വീടുകളിൽ നിന്ന് 20ഉം, കടകളിൽ 50 രൂപയും വാങ്ങുന്നുണ്ടെങ്കിലും ഒന്നിനും തികയില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി പറഞ്ഞു.
അടുത്തിടെ സ്വകാര്യ കമ്പനിക്കാർ രണ്ടുലോഡ് പ്ലാസ്റ്റിക് മാലിന്യം കൊണ്ടുപോയെങ്കിലും തമിഴ്നാട് അതിർത്തിയിൽ പിടികൂടി. ഇതോടെ അവരും വരാതെയായി.കുറച്ച് മാലിന്യം സായിഗ്രാമിൽ കൊണ്ടുപോയതൊഴിച്ചാൽ ബാക്കിയുള്ളത് ഇതിനായി നിർമ്മിച്ച കെട്ടിടത്തിൽ നിറഞ്ഞ് കിടക്കുകയാണ്. ഇതുകാരണം ശേഖരണം നിറുത്തേണ്ട അവസ്ഥയാണെന്ന് വൈസ് പ്രസിഡന്റ് പൊടിമോൻ അഷറഫ് പറഞ്ഞു. കെട്ടിക്കിടക്കുന്ന മാലിന്യം ആക്രിക്കാരും എടുക്കുന്നില്ല. ശുചിത്വമിഷൻകാരെ വിളിച്ചാൽ അവരും കൈമലർത്തുകയാണ്. ജൂണിലാണ് ശുചിത്വമിഷൻ പദ്ധതിക്ക് തുടക്കംകുറിച്ചത്.