കൃഷ്ണനാട്ടം
കോഴിക്കോട്ടെ മാനവേദൻ സാമൂതിരി എ.ഡി 17-ാം നൂറ്റാണ്ടിൽ രചിച്ച കൃഷ്ണഗീതി എന്ന സംസ്കൃത കാവ്യത്തിന്റെ ദൃശ്യാവിഷ്കാരമാണ് കൃഷ്ണനാട്ടം. സാമൂതിരിയുടെ കൊട്ടാരത്തിനകത്ത് മാത്രം അവതരിപ്പിക്കുന്ന ഇൗ കലാരൂപം പിന്നീട് ഗുരുവായൂർ ദേവസ്വംബോർഡിന് കൈമാറ്റം ചെയ്യപ്പെട്ടു.
കേളി, അരങ്ങ് കേളി, തോടയം, പുറപ്പാട്, കഥാരംഭം, ധനാഗി എന്നിവയാണ് കൃഷ്ണനാട്ടത്തിന്റെ ചടങ്ങുകൾ. കൃഷ്ണനാട്ടം നടക്കാൻ പോകുന്നു എന്ന് അറിയിക്കുന്ന ചടങ്ങാണ് കേളി. ശ്രീകൃഷ്ണന്റെ കഥയാണ് കൃഷ്ണനാട്ടത്തിൽ പറയുന്നത്. നൃത്തത്തിനാണ് ഇതിൽ പ്രാധാന്യം.
പടയണി
മധ്യതിരുവിതാംകൂറിലെ ഭദ്രകാളി ക്ഷേത്രങ്ങളിലെ ഒരനുഷ്ഠാനകല. പ്രത്യേകിച്ചും പത്തനംതിട്ട ജില്ലയിലാണിത്. കടമ്മനിട്ട, ഇലന്തൂർ, പുല്ലാട് എന്നിവ പടയണി ഗ്രാമങ്ങളാണ്. തപ്പാണ് പ്രധാന വാദ്യം.
യക്ഷഗാനം
കാസർകോട് ജില്ലയിൽ പ്രചാരത്തിലുള്ള കലാരൂപം. സംഭാഷണത്തിനാണ് ഇതിൽ പ്രാധാന്യം. അതിനാൽ ഇതിനെ സംസാരിക്കുന്ന കഥകളി എന്ന് വിശേഷിപ്പിക്കുന്നു. ചെണ്ട, മദ്ദളം, ഇലത്താളം എന്നിവയാണ് പ്രധാന വാദ്യോപകരണങ്ങൾ. മഹാഭാരതം, രാമായണം എന്നിവയിൽ നിന്നുള്ള കഥകളാണിതിൽ അവതരിപ്പിക്കുക.
മുടിയേറ്റ്
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കേരളീയ കലാരൂപം. ഭഗവതി പൂജയുമായി ബന്ധപ്പെട്ട് നടക്കുന്ന കലാരൂപം. ചെണ്ട, ഇലത്താളം, ചേങ്ങില എന്നിവയാണ് വാദ്യങ്ങൾ.
തെയ്യം
ഉത്തരകേരളത്തിലെ പ്രധാന അനുഷ്ഠാന കല. തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നത് കണ്ണൂരാണ്. തറവാടുകളിൽ തെയ്യം കെട്ടിയാടാറുണ്ട്.
ഉടുക്കുപാട്ട്
അയ്യപ്പൻ പാട്ട് എന്ന പേരിൽ അറിയപ്പെടുന്നു. അയ്യപ്പന്റെ ജനനത്തിന് മുമ്പുള്ള കഥ പാട്ടിലുണ്ട്. അഞ്ചുപേരുള്ള സംഘത്തിൽ എല്ലാവർക്കും ഉടുക്ക് വേണം.