ലോകത്തിൽ ഏറ്റവും കൂടുതൽ വനമുള്ള പത്താമത്തെ രാജ്യമാണ് ഇന്ത്യ. ലോകത്തുള്ള ആകെ വനങ്ങളുടെ 1.7 ശതമാനത്തോളം ഇന്ത്യയിലാണ്. ഇന്ത്യയിൽ 78.29 ദശലക്ഷം ഹെക്ടർ വനമാണ്. ഇതിൽ 8.39 ദശലക്ഷം നിബിഡവനം.
ഇടത്തരം നിബിഡവനം32 ദശലക്ഷം ഹെക്ടർ, തുറസായ വനങ്ങൾ 28.78 ദശലക്ഷം ഹെക്ടർ.
രാജ്യത്തെ മൊത്തം വനവിസ്തൃതിയുടെ നാലിലൊന്ന് ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ്. വനഭൂമി ഏറ്റവും കൂടുതൽ മദ്ധ്യപ്രദേശിൽ. അതേസമയം ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ മിസോറാമിൽ.
വനമേഖല അഞ്ചുതരം
വനമേഖലകളെ മുഖ്യമായി അഞ്ചായി തരംതിരിക്കാം.
(1) ഉഷ്ണമേഖലാ നിത്യഹരിതവനങ്ങൾ
(2) ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങൾ
(3) വരണ്ട മുൾക്കാടുകൾ
(4) ചതുപ്പുനിലങ്ങൾ
(5) ഹിമാലയൻ പ്രദേശത്തെ വനമേഖലകൾ
നിത്യഹരിത വനങ്ങൾ
ധാരാളം മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് നിത്യഹരിതവനങ്ങൾ. ഈ മേഖലയിൽ വിവിധയിനം വൃക്ഷങ്ങൾ കൂട്ടത്തോടെ വളരുന്നു.
60 മീറ്ററിലോ അതിന് മുകളിലോ ഉയരത്തിൽ വരെ വൃക്ഷങ്ങൾ വളരുന്നു.
പശ്ചിമഘട്ടത്തിന് മുകളിലും വടക്കുകിഴക്കൻ മലയോരമേഖലകളിലും നിത്യഹരിതവനപ്രദേശങ്ങൾ കൂടുതലായി കാണപ്പെടുന്നു.
ഇല പൊഴിയും വനങ്ങൾ
വരണ്ടകാലാവസ്ഥയിലും തണുപ്പുകാലത്തും ഇലകളില്ലാതെ നിൽക്കുന്ന വനപ്രദേശങ്ങളാണ് ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങൾ. വർഷത്തിൽ നൂറ് സെന്റിമീറ്ററിനും ഇരുനൂറു സെന്റിമീറ്ററിനുമിടയിൽ മഴ ലഭിക്കുന്ന പ്രദേശങ്ങൾ ഇതിൽപ്പെടുന്നു. വടക്ക് ശിവാലിക് നിരകൾ മുതൽ തെക്ക് പശ്ചിമഘട്ടം വരെ ഇത് വ്യാപിച്ചുകിടക്കുന്നു. വേനൽക്കാലത്ത് ആറുമുതൽ എട്ട് ആഴ്ചകൾ വരെ ഈ വനമേഖലയിലെ വൃക്ഷങ്ങൾ ഇലപൊഴിക്കുന്നു. തേക്ക്, സാൽ, ചന്ദനം എന്നിവ ഈ പ്രദേശങ്ങളിൽ വളരുന്നു.
വരണ്ട മുൾക്കാടുകൾ
മഴലഭ്യത എൺപതുസെന്റി മീറ്ററിൽ കുറവുള്ള പ്രദേശങ്ങളാണിവ. പടിഞ്ഞാറൻ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലും ഡക്കാൻ പ്രദേശത്തിന്റെ വരണ്ട മേഖലകളിലുമായി വ്യാപിച്ചുകിടക്കുന്നു.
ആഴത്തിൽ വേരോടിയതും മൂർച്ചയേറിയ മുള്ളുകളുള്ളതുമായ വൃക്ഷങ്ങൾ ധാരാളം കാണപ്പെടുന്നു.
ചതുപ്പുനിലങ്ങൾ
നദീതടങ്ങളിലും തുരുത്തുകളിലും വ്യാപകമായി കാണപ്പെടുന്നവയാണ് ചതുപ്പുനിലങ്ങൾ അല്ലെങ്കിൽ തീരദേശ വനങ്ങൾ. മഹാനദിയുടെയും ഗംഗയുടെയും തുരുത്തുകളിലെ തീരപ്രദേശങ്ങൾ ഈ വിഭാഗത്തിൽപ്പെടുന്നു. ഗംഗാതടത്തിലെ സുന്ദർബൻ കണ്ടൽ പ്രദേശത്തിന് കാരണം അവിടെ വളരുന്ന വൃക്ഷങ്ങളാണ്.
ഗീർദേശീയോദ്യാനം
നൈനിറ്റാളിലെ ജിം കോർബറ്റ് ദേശീയോദ്യാനമാണ് രാജ്യത്തെ ആദ്യത്തെ ദേശീയോദ്യാനം. 1936 ലാണ് ഇവിടം ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്. ഹെയ്ലി ദേശീയോദ്യാനമെന്നായിരുന്നു ആദ്യപേര്. 1957 ൽ ജിംകോർബറ്റിന്റെ സ്മരണാർത്ഥം കോർബറ്റ് ദേശീയോദ്യാനമെന്നായി.
ഇന്ത്യയിൽ സിംഹങ്ങൾ കാണപ്പെടുന്ന ഏക വന്യജീവി സങ്കേതമാണ് ഗുജറാത്തിലെ ഗീർ ദേശീയോദ്യാനം. ഏഷ്യൻ സിംഹങ്ങളുടെ സങ്കേതമാണ്. ഗുജറാത്തിലെ ജനഗഡ് ജില്ലയിലാണിത്.
പ്രോജക്ട് എലിഫന്റ്
1992 ഫെബ്രുവരിയിലാണ് ആന സംരക്ഷണ പദ്ധതിയായ പ്രോജക്ട് എലിഫന്റ് ആരംഭിച്ചത്. ആനകളുടെ സ്വൈരവിഹാരവും വംശവർദ്ധനവും ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ച 28 ആന സംരക്ഷണ കേന്ദ്രങ്ങളാണുള്ളത്. കേരളത്തിൽ വയനാട്, നിലമ്പൂർ, പെരിയാർ, ആനമുടി എന്നിവ എലിഫന്റ് റിസർവുകളാണ്.
ഹിമാലയൻ വനങ്ങൾ
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരത്തിനനുസരിച്ച് ഹിമാലയൻ പ്രദേശത്തെ വനങ്ങളും സസ്യജാലങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നു. ശിവാലിക് മേഖല ഇലപൊഴിയും വനങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. അല്പം കൂടി ഉയർന്നഭാഗത്ത് നിത്യഹരിത വനങ്ങളും ഓക്ക്, അശോകം, ഇരിമ്പകം തുടങ്ങിയ വൃക്ഷങ്ങൾ. അതിനും മുകളിൽ പൈൻ, ദേവദാരു എന്നിവ. 3500 മീറ്ററിന് മുകളിൽ പുല്ലും കുറ്റിച്ചെടികളും നിറഞ്ഞ മഞ്ഞുമൂടിയ പ്രദേശങ്ങൾ.