ayyappa-bhakta-sangamam

തിരുവനന്തപുരം: ശബരിമല വിവാദം ലോക്സഭാ തിരഞ്ഞെടുപ്പിൽ ആയുധമാക്കാനിരുന്ന ബി.ജെ.പിയിൽ നിന്ന് കടിഞ്ഞാൺ പിടിച്ചെടുത്ത് ആർ.എസ്.എസ് നേതൃത്വം.സംഘപരിവാർ നേതൃത്വം നൽകുന്ന ശബരിമല കർമ്മസമിതി കഴിഞ്ഞ ദിവസം തലസ്ഥാനത്ത് സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമം, ബി.ജെ.പിയെ പിന്നിലിരുത്തി ആർ.എസ്.എസ് രാഷ്ട്രീയ നിയന്ത്രണം കൈപ്പിടിയിലാക്കുന്നതിന്റെ ചൂണ്ടുപലകയായി.

രാഷ്ട്രീയ നേതൃത്വത്തിനു മേലെ ആത്മീയാചാര്യന്മാരെ അണിനിരത്തി ഉത്തരേന്ത്യയിൽ സംഘപരിവാർ പരീക്ഷിച്ചു വിജയിച്ച അതേ തന്ത്രമാണ് അയ്യപ്പഭക്ത സംഗമത്തിൽ ആർ.എസ്.എസ് നേതൃത്വം പയറ്റിയത്. ബി.ജെ.പി സംസ്ഥാന നേതാക്കളെ ആരെയും വേദിയിലേക്കു ക്ഷണിക്കാതിരുന്ന പരിപാടിയിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയ്ക്കു പോലും സദസ്സിലിരിക്കാനായിരുന്നു യോഗം.

ഏറെ വർഷം ശ്രമിച്ചിട്ടും കേരളത്തിൽ ശക്തമായ വേരുറപ്പിക്കാൻ കഴിയാതിരുന്ന ബി.ജെ.പിക്ക് ശബരിമല യുവതീപ്രവേശന വിവാദം മികച്ച അവസരമൊരുക്കിയിട്ടും, പാർട്ടി അതു കളഞ്ഞുകുളിച്ചെന്നു വിലയിരുത്തുന്ന ആർ.എസ്.എസ് അക്കാര്യത്തിൽ അമർഷത്തിലുമാണ്. ശബരിമല സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്കു മാറ്റിയതും, പ്രമുഖ നേതാക്കൾ ഒന്നര മാസത്തിലധികം റിലേ നിരാഹാരം നടത്തിയിട്ടും ലക്ഷ്യം കാണാതെ അവസാനിപ്പിക്കേണ്ടി വന്നതും പരിസഹാസ്യമായെന്നാണ് ആർ.എസ്.എസ് വിലയിരുത്തൽ.

ഇതിനിടെ, ബി.ജെ.പി നേതാക്കളിൽ ഒരു വിഭാഗം സമരവുമായി കാര്യമായി സഹകരിക്കാതിരുന്നത് പാർട്ടിയിലെ ചേരിപ്പോര് പ്രകടമാക്കുന്നതുമായി. ശബരിമല യുവതീപ്രവേശന വിധിയെ തുടക്കത്തിൽ ശക്തമായി അനുകൂലിച്ച ആർ.എസ്.എസ്, പിന്നീട് നിലപാടു മാറ്റിയത് അതിലെ രാഷ്ട്രീയസാദ്ധ്യതകൾ മുന്നിൽക്കണ്ടായിുരന്നു. എൻ.എസ്.എസ് അടക്കമുള്ള സമുദായ നേതൃത്വങ്ങളുടെ നിലപാടുകളും ഇതിൽ സ്വാധീനം ചെലുത്തി. പക്ഷേ, ഇതിലെ രാഷ്ട്രീയ സാധ്യതകൾ മുതലെടുക്കാൻ ബി.ജെ.പി നേതൃത്വത്തിനു കഴിഞ്ഞില്ല.

സംസ്ഥാന സർക്കാർ സംഘടിപ്പിച്ച വനിതാ മതിലിനു ബദലെന്ന നിലയിൽ സ്ത്രീകളെയടക്കം അണിനിരത്തി സംഘടിപ്പിച്ച അയ്യപ്പജ്യോതിക്കു പിന്നാലെ, ശബരിമല കർമ്മസമിതിയുടെ സമരങ്ങളിലെ ഏറ്റവും സംഘടിത രൂപമായിരുന്നു കഴിഞ്ഞ ദിവസത്തെ അയ്യപ്പഭക്ത സംഗമം. മാതാ അമൃതാനന്ദമിയിയെ അയ്യപ്പഭക്ത സംഗമത്തിന്റെ ഉദ്ഘാടകയാക്കാൻ കഴിഞ്ഞതും, വിവിധ ആത്മീയാചാര്യന്മാരെ വേദിയിലെത്തിച്ചതും, സമുദായ സംഘടനകളുടെ താഴേത്തട്ടിലുള്ള പ്രവർത്തകരെയടക്കം സംഗമത്തിൽ പങ്കെടുപ്പിക്കാനായതും നേട്ടമായെന്ന് ആർ.എസ്.എസ് നേതൃത്വം കരുതുന്നു. ഇത് തിരഞ്ഞെടുപ്പു വേളയിൽ ഹൈന്ദവ ധ്രുവീകരണം സാദ്ധ്യമാക്കുമെന്നും അവർ കണക്കുകൂട്ടുന്നു. കൊല്ലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ രാഷ്ട്രീയ പ്രസംഗവും ഇതേ ലക്ഷ്യം മുന്നിൽക്കണ്ടായിരുന്നു.