dileep

ന്യൂഡൽഹി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സർക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ തനിക്ക് ഒരാഴ്‌ചത്തെ സമയം വേണമെന്ന് നടൻ ദിലീപ് സുപ്രീം കോടതിയിൽ. കേസ് നാളെ പരിഗണിക്കാനിരിക്കവെയാണ് ദിലീപ് സമയം നീട്ടി ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചത്.

കേസിലെ പ്രധാനപ്പെട്ട തെളിവായ മെമ്മറി കാർഡിന്റെ പകർപ്പാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിലുള്ള തുടർവാദമാണ് നാളെ സുപ്രീം കോടതിയുടെ പരിഗണനയ്‌ക്ക് വരുന്നത്. എന്നാൽ ദിലീപിന് മെമ്മറി കാർഡ് നൽകാൻ കഴിയില്ലെന്ന് കാര്യകാരണങ്ങൾ വിശദമാക്കി സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിക്കുകയുണ്ടായി. ഇതിനുള്ള മറുപടി നൽകാനാണ് തനിക്ക് ഒരാഴ്‌ചത്തെ സമയം വേണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്.

കേസിൽ ദിലീപിന് വേണ്ടി ഹാജരാകുന്ന മുകുൾ റോത്തഗിയ്‌ക്കും നാളെ ഹാജരാകാൻ അസൗകര്യമുണ്ട്. ഇതും മറ്റൊരു കാരണമായി ദിലീപ് ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസ് എ.എൻ ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ച് നാളെ അപേക്ഷ പരിഗണിക്കും.