modi

ആഗ്ര: താനൊരു ചായ വില്പനക്കാരനാണെന്ന അവകാശവാദവുമായിട്ടായിരുന്നു കഴിഞ്ഞ ലോ‌ക്‌സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയും ബി.ജെ.പിയും പ്രചാരണത്തിനെത്തിയത്. താഴ്മയുടെ പര്യായമെന്ന് പലരും ഇതിനെ വാഴ്‌ത്തുകയും ചെയ്തിരുന്നു. എന്നാൽ നരേന്ദ്രമോദി ഒരിക്കലും ചായ വില്പന നടത്തിയിട്ടില്ലെന്നാണ് മുൻ വി.എച്ച്.പി അധ്യക്ഷനും നരേന്ദ്രമോദിയുടെ സുഹൃത്തുമായ പ്രവീൺ തൊഗാഡിയയുടെ വെളിപ്പെടുത്തൽ.

കഴിഞ്ഞ 43വർഷമായി ഞാൻ അദ്ദേഹത്തിന്റെ സുഹൃത്താണ്.ഒരിക്കൽ പോലും മോദി ചായ വില്പന നടത്തുന്നത് താൻ കണ്ടിട്ടില്ലെന്ന് തൊഗാഡിയ വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ സഹാനുഭൂതി നേടാനായി നിർമ്മിച്ച പ്രതിച്ഛായയാണിതെന്നും തൊഗാഡിയ കൂട്ടിച്ചേർത്തു.

ബി.ജെ.പിക്കും ആർ.എസ്.എസിനും അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ ഉദ്ദേശമില്ലെന്നും മോദി ഇനിയും പ്രധാനമന്ത്രി ആയാലും രാമക്ഷേത്ര നിർമ്മാണം നടക്കില്ലെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും നിലനില്പ് തന്നെ അയോദ്ധ്യ വിഷയത്തിന്റെ പേരിലാണ്. എപ്പോഴെങ്കിലും അത് പരിഹരിക്കപ്പെട്ടാൽ അവരുടെ നിലനില്പ് തന്നെ ഇല്ലാതെയാകും. അതുകൊണ്ടാണ് രാമക്ഷേത്ര നിർമ്മാണം ചർച്ചയിൽ മാത്രം ഒതുങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മുത്തലാഖ് വിഷയം പാർ‌ലമെന്റിൽ നിയമമാക്കുന്നതിനായി മോദി വളരെ കഷ്ടപ്പെട്ടു എന്നാൽ രാമക്ഷേത്രം നിർമ്മിക്കാൻ ഒരു തരത്തിലുള്ള ഇടപെടലുകളും അദ്ദേഹം നടത്തിയിട്ടില്ലെന്നും തൊഗാഡിയ പറഞ്ഞു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയപ്പെട്ടാൽ മോദിക്ക് ഗുജറാത്തിലേക്കും ഭയ്യാജി ജോഷിക്ക് നാഗ്പൂരിലേക്കും തിരിച്ച് പോകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.