anna-hazare-hunger-strike

ന്യൂഡൽഹി: റാഫേൽ അഴിമതി പുറത്തുവരുമെന്ന് പേടിച്ചാണ് ലോക്പാൽ ബിൽ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ മടിക്കുന്നതെന്ന് അണ്ണാ ഹസാരെ ആരോപിച്ചു. കാർഷിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയും അഴിമതി വിരുദ്ധ ബിൽ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ജനുവരി 30 മുതൽ ആരംഭിക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തെക്കുറിച്ച് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. തന്റെ കയ്യിൽ റാഫേൽ അഴിമതി തെളിയിക്കാൻ സാധിക്കുന്ന നിരവധി തെളിവുകളുണ്ടെന്നും ഉടൻ തന്നെ ഇവ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. സമാന ആവശ്യങ്ങൾ ഉന്നയിച്ച് അണ്ണാ ഹസാരെ എട്ട് വർഷത്തിനിടെ നടത്തുന്ന മൂന്നാമത്തെ നിരാഹാര സമരമാണിത്. 2014ൽ ബി.ജെ.പിയെ മൃഗീയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സഹായിച്ചത് അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടത്തിയ നിരാഹാര സമരമായിരുന്നു. ദിവസങ്ങളോളം നീണ്ടുനിന്ന സമരത്തിന് പിന്തുണ നൽകിയത് ആർ.എസ്.എസും ബി.ജെ.പിയുമായിരുന്നു.

അതേസമയം, ബി.ജെ.പി സർക്കാരിനെതിരെ രൂക്ഷവിമർശനങ്ങളാണ് അണ്ണാ ഹസാരെ നടത്തിയത്. ലോക്‌പാൽ പോലുള്ള ശക്തമായ നിയമങ്ങൾ നിലവിലുണ്ടായിരുന്നുവെങ്കിൽ റാഫേൽ അഴിമതി സംഭവിക്കില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. റാഫേൽ അഴിമതി തെളിയിക്കുന്ന നിരവധി രേഖകൾ എന്റെ കൈവശമുണ്ട്. അവ പരിശോധിച്ച ശേഷം രണ്ട് ദിവസത്തിനകം വാർത്താ സമ്മേളനം വിളിച്ച് പുറത്തുവിടും. ഒരു മാസം മുമ്പ് മാത്രം രൂപീകരിച്ച ഒരു കമ്പനിയെ അന്താരാഷ്ട്ര കരാറുകളിൽ പങ്കാളിയാക്കുന്നത് എങ്ങനെയാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്‌പാൽ ബിൽ നടപ്പിലാക്കുമെന്നും പെൻഷൻ വിതരണം ചെയ്യുമെന്നും കാർഷിക വിളകൾക്ക് ന്യായവില ഏർപ്പെടുത്തുമെന്നും വാഗ്‌ദ്ധാനം ചെയ്‌താണ് ഇപ്പോഴത്തെ സർക്കാർ അധികാരത്തിൽ വന്നത്. എന്നാൽ ഇതൊന്നും നടപ്പിലാക്കിയില്ല. ഇനി പൊള്ളയായ വാഗ്‌ദ്ധാനങ്ങൾ നൽകാൻ സർക്കാരിനെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 30 മുതൽ തന്റെ ഗ്രാമത്തിലാണ് ഹസാരെ നിരാഹാര സമരം തുടങ്ങുന്നത്. സർക്കാർ തന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പിന്നോട്ട് പോകില്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. സമരത്തിന് രാഷ്ട്രീയ കിസാൻ മഹാപഞ്ചായത്ത് ഉൾപ്പെടെ 15 സംസ്ഥാനങ്ങളിലെ കർഷക സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നിരാഹാര സമരം നടക്കുന്നത് കേന്ദ്രസർക്കാരിന് തലവേദനയാകുമെന്ന് ഉറപ്പ്.