modi

ലക്‌നൗ: പതിനഞ്ചാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരാണസിയിൽ ഉദ്ഘാടനം ചെയ്യും. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിൻദ്ജുഗ് നാഥ് ചടങ്ങിൽ സംബന്ധിക്കും. ‘നവ ഇന്ത്യയുടെ വളർച്ചയിൽ പ്രവാസികളുടെ പങ്ക്’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഇത്തവണ പ്രവാസി ഭാരതീയ ദിവസ് സംഘടിപ്പിച്ചിരിക്കുന്നത്. അയ്യായിരത്തോളം പ്രതിനിധികളാണ് വിവിധ രാജ്യങ്ങളിൽനിന്നായി മൂന്നുദിവസത്തെ പരിപാടിയിൽ പങ്കെടുക്കുന്നത്.

പ്രവാസി പ്രശ്‌നങ്ങളിൽ കേന്ദ്രസർക്കാർ ക്രിയാത്മക നടപടികൾ കൈക്കൊള്ളുന്നില്ലെന്ന പരാതികൾക്കിടയിലാണ് പതിനഞ്ചാം പ്രവാസി സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, സഹമന്ത്രി ജനറൽ വി.കെ സിംഗ് എന്നിവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് ഇന്ത്യയിലെ നിക്ഷേപ സാധ്യതകൾ വിലയിരുത്തുന്ന സെഷനുകളും ഇന്ന് നടക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം മുൻനിർത്തി വൻ സുരക്ഷാ ക്രമീകരണങ്ങളാണ് വാരാണസിയിലും പരിസരങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന പ്രവാസികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും സ്വന്തം നാട്ടിലെ നിക്ഷേപ സാധ്യതകൾ അറിയിക്കുന്നതിനുമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പ്രവാസി ഭാരതീയ ദിവസ് എന്ന കൂട്ടായ്‌മ സംഘടിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മഹാത്മാഗാന്ധി മടങ്ങി വന്നതിന്റെ ഓർമ പുതുക്കി എ.ബി. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങൾക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചത്.