a-patma-kumar

തിരുവനന്തപുരം: ശബരിമലയിൽ നടവരുമാനം കുറഞ്ഞത് ദേവസ്വംബോർഡിനെയോ ക്ഷേത്രത്തെയോ ബാധിക്കില്ലെന്ന് തിരുവുതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് എ.പത്മകുമാർ വ്യക്തമാക്കി. ബഡ്‌ജറ്റിൽ കൂടുതൽ സഹായം ഉണ്ടാകുമെന്നും കാലാവധി തീരുംവരെ പ്രസിഡന്റായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡ് യോഗത്തിന് മുൻപ് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ പുറത്തുവിട്ട റിപ്പോർട്ടിൽ മണ്ഡല മകരവിളക്ക് സീസണിൽ ശബരിമലയിലെ വരുമാനം കഴിഞ്ഞ വർഷത്തെക്കാൾ 99.02 കോടി രൂപയാണ് കുറഞ്ഞത്. മണ്ഡല കാലത്ത് 62.32 കോടിയും മകരവിളക്കിന് 36.70 കോടിയുമാണ് കുറഞ്ഞത്. കഴിഞ്ഞ മണ്ഡല കാലത്ത് 173.38 കോടി ലഭിച്ചപ്പോൾ ഇത്തവണ അത് 111.06 കോടിയായി. ഇതോടെ ഈ സീസണിലെ മൊത്തം കുറവ് 36.27 ശതമാനമായി.

കഴിഞ്ഞ വർഷം മകരവിളക്ക് സീസണിലെ 18 ദിവസം പിന്നിട്ടപ്പോൾ നടവരവായി 99,74,32,408 രൂപ ലഭിച്ചു. ഇക്കുറി 63,00,69,947 രൂപയായി കുറഞ്ഞു. കാണിക്കയിൽ 7.82 കോടിയും അരവണയിൽ 6.64 കോടിയും, അപ്പത്തിൽ 2.15 കോടിയുമാണ് കുറഞ്ഞത്. അതേസമയം സംഭാവനയായി സന്നിധാനത്ത് 3.60 ലക്ഷത്തിന്റെയും മാളികപ്പുറത്ത് 9.94 ലക്ഷത്തിന്റെയും അധികവരുമാനമുണ്ടായി.