shaseendran

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി താല്കാലിക ജീവനക്കാരെ പിൻവാതിലിലൂടെ ജോലി നേടിയവരെന്ന പി.എസ്.സിയുടെ സത്യവാങ്മൂലത്തിലെ പരാമർശം ദൗർഭാഗ്യകരമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. പി.എസ്.സിയുടെ ഭാഗത്ത് നിന്ന് അത്തരത്തിലൊരു പരാമർശം ഉണ്ടാവരുതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.എസ്.ആർ.ടി.സിയിൽ നിന്ന് പിരിച്ചുവിട്ട എം പാനൽ ജീവനക്കാർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജോലിനേടിയവരാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിയമാനുസൃതമായ ഒരു സർക്കാർ സ്ഥാപനമാണ്. അവിടെ നിന്ന് ജോലി നേടിയവരെ പിൻവാതിൽ നിയമനം നേടിയവരെന്ന് വിളിച്ച് ആക്ഷേപിക്കരുതെന്നും മന്ത്രി പറഞ്ഞു.

നിയമാനുസൃതമായി തന്നെയാണ് എം പാനൽ ജീവനക്കാർ ജോലി നേടിയതെന്ന് ഹൈക്കോടതിയെ ബോധ്യപ്പെടുത്താൻ സർക്കാർ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പി.എസ്.സിയുടെ ഈ പരാമർശം സത്യവാങ്മൂലത്തിൽ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സിയുടെ പണിമുടക്കിനെതിരായ ഹർജി ഇന്ന് കോടതി പരിഗണിക്കും. അതേസമയം ജോലി നഷ്ടപ്പെട്ട തൊഴിലാളികൾ സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങിയിരിക്കുകയാണ്.