evm-hackathon-in-london

ന്യൂഡൽഹി: 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലടക്കം ഇന്ത്യയിൽ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ ക്രമക്കേടുകൾ നടന്നുവെന്ന ഹാക്കറുടെ വെളിപ്പെടുത്തൽ രാജ്യം ഏറെ ഞെട്ടലോടെയാണ് കേട്ടത്. ഇക്കാര്യം അറിയാമായിരുന്ന നിരവധി കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവർ കൊല്ലപാതകങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളും ഏറെ വിവാദങ്ങളുണ്ടാക്കി. വോട്ടിംഗ് യന്ത്രങ്ങളുടെ രൂപകൽപ്പനയിൽ പങ്കെടുത്തയാളെന്ന് സ്വയം അവകാശപ്പെട്ട് രംഗത്തെത്തിയ സെയിദ് ഷുജാ എന്നയാളാണ് വെളിപ്പെടുത്തലുകൾക്ക് പിന്നിൽ. അതേസമയം, ഇയാളുടെ വെളിപ്പെടുത്തലുകളിൽ പലതിനും മതിയായ തെളിവുകളില്ലെന്ന ആരോപണവും ശക്തമായിട്ടുണ്ട്. ഇത്തരത്തിലുള്ള ചില പൊരുത്തക്കേടുകൾ പരിശോധിക്കാം.

evm-hacking

ഹൈദരാബാദിലെ കലാപം

 2014ൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ താൻ ഇലക്ട്രോണിക് കോർപറേഷൻ ഒഫ് ഇന്ത്യയുടെ ജീവനക്കാരനായിരുന്നുവെന്നാണ് ഇയാളുടെ അവകാശവാദം. ഇതിനിടയിൽ തിരഞ്ഞെടുപ്പിൽ കൃത്രിമത്വം നടക്കുന്നുവെന്ന് മനസിലാക്കിയ താനും സംഘവും ബി.ജെ.പി നേതാക്കളിൽ നിന്ന് പണം തട്ടാനായി ഒരു പാർട്ടി നേതാവുമായി കൂടിക്കാഴ്‌ച നിശ്ചയിച്ചിരുന്നു. എന്നാൽ ഇതിന് വേണ്ടി പോകുമ്പോൾ ഹൈദരാബാദിൽ വച്ച് നടന്ന കലാപത്തിൽ തന്റെ സംഘാംഗങ്ങൾ കൊല്ലപ്പെട്ടു. ഈ കലാപം ബി.ജെ.പി പദ്ധതിയിട്ടതാണെന്നും ഹാക്കർ ആരോപിക്കുന്നു. എന്നാൽ ഇക്കാര്യം തെളിയിക്കുന്ന യാതൊരു റിപ്പോർട്ടുകളും ഇതുവരെ ലഭിച്ചിട്ടില്ല.

gopinath-munde

മുണ്ടേയുടെ മരണം

 തിരഞ്ഞെടുപ്പിൽ കൃത്രിമത്വം നടന്നത് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഗോപിനാഥ് മുണ്ടേക്ക് അറിയാമായിരുന്നുവെന്നാണ് അടുത്ത ആരോപണം. ഇക്കാര്യം വെളിപ്പെടുത്താനിരിക്കെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം ആദ്യ പൊതുചടങ്ങിലേക്ക് പോകുന്നതിനിടെ 2014 ജൂൺ മൂന്നിനാണ് മുണ്ടേ കാർ അപകടത്തിൽ കൊല്ലപ്പെടുന്നത്. മുണ്ടേയുടെ മരണം അന്വേഷിച്ച തൻസി അഹമ്മദ് എന്ന എൻ.ഐ.എ ഓഫീസർ എഫ്.ഐ.ആർ സമർപ്പിക്കാനിരിക്കെ കൊല്ലപ്പെട്ടുവെന്നും ഹാക്കർ ആരോപിക്കുന്നു. എന്നാൽ ഇത് സംബന്ധിച്ച ആരോപണങ്ങൾക്ക് മുണ്ടേയുടെ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹാക്കറുടെ ആരോപണം രാഷ്ട്രീയ നാടകമാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.

അമേരിക്കയിൽ അഭയം തേടി

ഹൈദരാബാദിലെ ആക്രമണത്തിന് ശേഷം താൻ അമേരിക്കയിൽ അഭയം തേടിയെന്നാണ് ഹാക്കറുടെ അവകാശവാദം. വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമത്വം നടത്തിയെന്ന് തെളിയിക്കുന്ന രേഖകൾ താൻ അധികാരികളെ കാണിച്ചതിന് ശേഷമാണ് അമേരിക്കയിൽ അഭയം ലഭിച്ചതെന്നും ഇയാൾ പറയുന്നു. എന്നാൽ ഇത്തരം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയ അഭയം നൽകുന്നതിനെ സംബന്ധിച്ച് അമേരിക്കൻ കുടിയേറ്റ നയത്തിൽ വ്യവസ്ഥയില്ലെന്നാണ് നിയമ വിദ‌ഗ്‌ദ്ധർ പറയുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യം വിശ്വാസയോഗ്യമല്ല.

brexit

ബ്രെക്‌സിറ്റിലും കൃത്രിമത്വം

 യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുപോകാനുള്ള ബ്രെക്‌സിറ്റ് തിരഞ്ഞെടുപ്പിന് പിന്നിലും കൃത്രിമത്വം നടന്നുവെന്നാണ് ഹാക്കറുടെ വെളിപ്പെടുത്തൽ. എന്നാൽ ബ്രെക്‌സിറ്റ് വോട്ടെടുപ്പ് നടന്നത് ബാലറ്റ് പേപ്പറിലൂടെയായിരുന്നു.

അട്ടിമറി ഇങ്ങനെ

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ പ്രത്യേക മോഡുലേറ്റർ ഘടിപ്പിച്ച് ഉപകരണത്തെ ലോ ഫ്രീക്വൻസിയിലേക്ക് മാറ്റിയാണ് തട്ടിപ്പ് സാധ്യമാകുന്നത്. മിലിട്ടറി സ്‌റ്റാൻഡേർഡ്‌സിലുള്ള ഈ ഉപകരണം 2012നും 2014നും മദ്ധ്യേ റിലയൻസ് കമ്മ്യൂണിക്കേഷനാണ് വിതരണം ചെയ്‌തതെന്നും ഇയാൾ പറയുന്നു. എന്നാൽ റിലയൻസ് കമ്മ്യൂണിക്കേഷനെയാണോ റിലയൻസ് ജിയോയെയാണോ ഇക്കാര്യത്തിൽ പ്രതിസ്ഥാനത്ത് നിറുത്തുന്നതെന്ന് ഇയാൾ വ്യക്തമാക്കുന്നില്ല. പിന്നീട് മുകേഷ് അംബാനിയുടെ കമ്പനിയാണെന്ന് പറയുകയും ചെയ്യുന്നു. പ്രത്യേക ചിപ്പുകൾ ഘടിപ്പിച്ചാൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ നെറ്റ്‌വർക്കിലേക്ക് കണക്‌ട് ചെയ്യിപ്പിച്ച് അട്ടിമറിക്കാമെന്ന് സൈബർ വിദഗ്‌ദ്ധർ സമ്മതിക്കുന്നുണ്ടെങ്കിലും ഇത്രയും അധികം യന്ത്രങ്ങളിൽ കൃത്രിമത്വം നടത്തുന്നത് അസാധ്യമാണ്. ഈ ആരോപണവും തെളിയിക്കാൻ ഹാക്കർ യാതൊരു തെളിവുകളും നൽകുന്നില്ല.