മൾട്ടിപ്ളെക്‌സ് തിയേറ്ററുകൾക്കെതിരെ രൂക്ഷവിമർശവുമായി ഓസ്‌കാർ ജേതാവും മലയാളിയുമായ റസൂൽ പൂക്കുട്ടി രംഗത്ത്. വി.കെ പ്രകാശിന്റെ സംവിധാനത്തിൽ താൻ ശബ്‌ദമിശ്രണം നിർഹിച്ച പുതിയ ചിത്രം പ്രാണയുടെ കാഴ്‌ചാനുഭവം തിയേറ്ററുകാർ വികലമാക്കിയെന്നാണ് റസൂലിന്റെ ആരോപണം. ചിത്രത്തിൽ സിങ്ക് സൗണ്ട് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.സിനിമയിൽ വരേണ്ട എല്ലാ ശബ്‌ദവും എല്ലാ ദിശയിലും മൈക്രോഫോണുകൾ സ്ഥാപിച്ച് റെക്കാഡ് ചെയ്‌ത് തത്സമയം മിക്‌സ് ചെയ്യുന്ന പരീക്ഷണമാണിത്.
'പ്രാണയുടെ അനുഭവത്തെ തിയേറ്ററുകൾ വികലമാക്കി. എന്റെയും ഒപ്പമുള്ള ഒരുപാട് സാങ്കേതിക പ്രവർത്തകരുടെയും ജോലിയെയാണ് അവർ വികലമാക്കിയിരിക്കുന്നത്. ഇത് നിങ്ങൾ പ്രേക്ഷകർ അറിയണം, മനസിലാക്കണം. നിങ്ങൾ കൊടുക്കുന്ന പൈസയ്‌ക്ക് മൂല്യമുണ്ടോ എന്ന് നിങ്ങൾ തന്നെ തീരുമാനിക്കണം. കോർപറേറ്റുകൾ നടത്തുന്ന മൾട്ടിപ്ലെക്സുകളെ സംബന്ധിച്ച് കാന്റീനിൽ വിറ്റു പോകുന്ന പോപ്‌കോണിലും കൊക്കകോളയിലുമാണ് അവരുടെ ശ്രദ്ധ. പ്രദർശന സംവിധാനത്തോട് അലക്ഷ്യമായ സമീപനമാണ് അവർ പുലർത്തുന്നത്. പ്രാണയ്‌ക്ക് ഉണ്ടായ അനുഭവം തന്നെയാണ് പഴശ്ശിരാജ റിലീസ് ചെയ്തപ്പോഴും ഉണ്ടായത്.' -റസൂൽ പറഞ്ഞു.
നിത്യാ മേനോനാണ് പ്രാണയിൽ പ്രാധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.