ന്യൂഡൽഹി : 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടന്നുവെന്നും അതിന്റെ ഫലമായിട്ടാണ് കോൺഗ്രസ് പരാജയപ്പെട്ടതെന്നും കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന ഇന്ത്യൻ ജേർണലിസ്റ്റ് അസോസിയേഷൻ (യൂറോപ്പ്) സംഘടിപ്പിച്ച പത്രസമ്മളനത്തിൽ യു.എസ് ഹാക്കറുടെ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് രാജ്യം. വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യേണ്ടതില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവർത്തിക്കുന്നുണ്ട് എങ്കിലും സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തിൽ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ഈ യന്ത്രങ്ങൾ ഉപയോഗിക്കുമോ എന്നുള്ള ചർച്ചകളും ആരംഭിച്ചിരിക്കുകയാണ്. ബാലറ്റ് യുഗത്തിലേക്ക് മടങ്ങണമെന്ന് രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ അവർ ഈ ആവശ്യം കടുപ്പിക്കാനാണ് സാദ്ധ്യത. അത് കൂടാതെ ഈ ആവശ്യവുമായി കോടതിയെ സമീപിക്കാനും അവർ തയ്യാറായേക്കും.
യു.എസ് സൈബർ വിദഗ്ദ്ധൻ സൈദ് ഷൂജയുടെ വെളിപ്പെടുത്തലിലുള്ള പത്ത് ഗുരുതര ആരോപണങ്ങൾ ഇതാണ്
2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടന്നു. അതുവഴി 201 സീറ്റിൽ കോൺഗ്രസ് തോറ്റു
വിവരമറിഞ്ഞ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഗോപിനാഥ് മുണ്ടെ അപകടത്തിൽ കൊല്ലപ്പെട്ടു
മരണം അന്വേഷിച്ച എൻ.ഐ.എ ഓഫീസർ തൻസിൽ അഹമ്മദ് എഫ്.ഐ.ആർ സമർപ്പിക്കാനിരിക്കെ കൊല്ലപ്പെട്ടു
വോട്ടിംഗ് യന്ത്രത്തിൽ തിരിമറി നടന്ന വാർത്ത റിപ്പോർട്ട് ചെയ്യാമെന്ന് സമ്മതിച്ച ഗൗരി ലങ്കേഷും കൊല്ലപ്പെട്ടു
യന്ത്രങ്ങളിൽ ഉപയോഗിച്ച കേബിളുകൾ നിർമ്മിച്ചതാരാണെന്നറിയാൻ ലങ്കേഷ് വിവരാവകാശ അപേക്ഷ നൽകിയിരുന്നു
യന്ത്രങ്ങൾ ഹാക്ക് ചെയ്യാനുള്ള ലോ ഫ്രീക്വൻസി സിഗ്നലുകൾ ലഭിക്കാൻ റിലയൻസ് കമ്മ്യൂണിക്കേഷൻ ബി.ജെ.പിയെ സഹായിച്ചു
ഡാറ്റ കൈമാറ്റ നെറ്റ്വർക്ക് റിലയൻസിനുണ്ട്. 9 സ്ഥലങ്ങളിൽ അതിന് സൗകര്യമുണ്ട്. ജീവനക്കാർ അറിയാതെ അവരെക്കൊണ്ട് തിരിമറി നടത്തി
ചത്തീസ്ഗഡ്, രാജസ്ഥാൻ, മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി കൃത്രിമത്തിന് ശ്രമിച്ചു. ഞങ്ങളുടെ സംഘം ഇടപെട്ടതിനാൽ നടന്നില്ല
2015ൽ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ.വി.എം ഹാക്ക് ചെയ്യാനുള്ള ശ്രമം ഞങ്ങൾ തടഞ്ഞു. അല്ലെങ്കിൽ ബി.ജെ.പി തൂത്തുവാരിയേനെ
ഇ.വി.എം അട്ടിമറിയെക്കുറിച്ചുള്ള മുഴുവൻ കഥയും രാത്രി ചർച്ചയിൽ ആക്രോശിക്കുന്ന ഇന്ത്യയിലെ പ്രമുഖ മാദ്ധ്യമപ്രവർത്തകനോട് പറഞ്ഞിരുന്നു
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും കഴിഞ്ഞ ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം നടത്തിയെന്ന് യു.എസ് സൈബർ വിദഗ്ദ്ധൻ സൈദ് ഷൂജയുടെ വെളിപ്പെടുത്തൽ.